മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച സിനിമയിൽ താൻ അനുകരിച്ചത് മണ്മറഞ്ഞ മലയാള നടൻ തിലകനെയാണെന്ന് ശരണ്യ പൊൻവണ്ണൻ. ഒരു അഭിമുഖത്തിനിടയിലാണ് ശരണ്യ തന്റെ സിനിമ അനുഭവത്തെ കുറിച്ച് വാചാലയായത്.
ശരണ്യയുടെ വാക്കുകളിങ്ങനെ. “തിലകൻ സാറിനെ എപ്പോഴും ഇഷ്ടമാണ്. സ്ക്രീനിൽ അദ്ദേഹം സ്നേഹ രംഗങ്ങൾ അഭിനയിക്കുമ്പോൾ നമ്മളുടെ കണ്ണു നിറയും. സ്ഫടികം, കിരീടം എന്നീ സിനിമകൾ അതിന് ഉദാഹരണമാണ്. എന്നാൽ നേരിൽ കാണുമ്പോൾ അദ്ദേഹം കുറച്ച് ഗൗരവക്കാരനാണെന്ന് തോന്നിയേക്കാം.
എന്റെ റോൾ മോഡലും അദ്ദേഹമാണ്. സിനിമയിൽ അഭിനയിക്കുമ്പോൾ ഈ ഒരു കഥാപാത്രം എപ്രകാരമായിരിക്കും തിലകൻ ചേട്ടൻ അവതരിപ്പിക്കുക എന്ന് ഞാൻ മനപാഠമാക്കും. എനിക്ക് ദേശീയ പുരസ്ക്കാരം നേടി തന്ന “തെൻമേർക്ക് പരുവക്കാറ്റ്’ എന്ന ചിത്രത്തിലും ഞാൻ അദ്ദേഹത്തെയാണ് അനുകരിച്ചിരിക്കുന്നത്’.
നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശരണ്യയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം ടോവിനോ തോമസ് നായകനായി എത്തിയ ഒരു കുപ്രസിദ്ധ പയ്യനാണ്.