ചിരിക്കുന്ന മുഖവുമായി രോഗവുമായി പടവെട്ടി ജയിച്ചുകയറിയ പെണ്‍കുട്ടി! കിട്ടിയ ജീവിതത്തെ പഴിച്ച് കഴിയുന്നവര്‍ക്ക് മാതൃക; സീരിയല്‍ താരം ശരണ്യ ശശിയുടെ ജീവിതത്തില്‍ സംഭവിച്ചത്

രോഗമൊരുക്കിയ കഷ്ടതകള്‍ തരണം ചെയ്ത്, കൈവിട്ടുപോയി എന്ന് കരുതിയിരുന്ന ജീവിതം തിരിച്ചുപിടിച്ചുകൊണ്ട് വന്‍ തിരിച്ചുവരവുകള്‍ നടത്തിയ നിരവധിയാളുകളുണ്ട് നമുക്ക് മുന്നില്‍. പ്രശസ്തരും സാധാരണക്കാരുമായവര്‍ അക്കൂട്ടത്തിലുണ്ട്. നടി ശരണ്യ ശശിയാണ് അക്കൂട്ടത്തിലൊരാള്‍. വളരെക്കുറിച്ചാളുകള്‍ മാത്രം കടന്നുപോയിട്ടുള്ള ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് അടുത്തനാളുകളില്‍ തന്റെ ചുരുങ്ങിയ പ്രായത്തിനിടയില്‍ ശരണ്യ ശശി കടന്നുപോയത്. ശരണ്യയുടെ ചിരിച്ച മുഖം പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. സീരിയലുകളിലൂടെയും മറ്റും ഉയര്‍ന്നു വന്ന ഈ കണ്ണൂരുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നു. രോഗത്തെ മൂന്ന് തവണയാണ് ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ട് കീഴടക്കിയത്. 2012 മുതല്‍ മൂന്ന് തവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജര്‍ സര്‍ജറികള്‍. അതില്‍ നിന്നെല്ലാം തിരിച്ചു വന്നു ചിരിച്ച മുഖവുമായി നില്‍ക്കുന്ന ഈ പെണ്‍കുട്ടി, കിട്ടിയ ജീവിതത്തെ പഴിച്ചും സങ്കടപെട്ടും ജീവിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ്.

അടുത്തിടെ ഒരു മാധ്യമത്തില്‍ വന്ന അഭിമുഖത്തില്‍ ശരണ്യ തന്റെ ജീവിതത്തെ പറ്റി പറഞ്ഞതിങ്ങനെ: ‘തെലുങ്കില്‍ സ്വാതി എന്നൊരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചശേഷം മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. പക്ഷെ 2012 ല്‍ ഓണത്തിന് എന്നെ ബ്രെയിന്‍ ട്യൂമറിന്റെ ചികിത്സാര്‍ത്ഥം ഹോസ്പിറ്റലില്‍ എത്തിച്ചു. അന്ന് അവര്‍ ഓപ്പറേഷന്‍ നടത്തി. പിന്നെ രണ്ടാമത്തെ വന്നത് കുറച്ചു നാള്‍ കഴിഞ്ഞു ആണ്. ദൈവം തന്ന വീട് എന്ന തമിഴ് സീരിയല്‍ ഞാന്‍ കുറേക്കാലം ചെയ്തിരുന്നു. ഒരു 150 എപ്പിസോഡ് കഴിഞ്ഞു എനിക്ക് ഫിറ്റ്‌സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു. റേഡിയേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ല്‍ ഒരിക്കല്‍ കൂടി അസുഖം തിരികെ വന്നു വീണ്ടും ഒരു ഓപ്പറേഷന്‍ കൂടെ നടത്തി.

ഫേസ്ബുക്ക് ഫ്രണ്ട് ആയ ബിനുവിനെ ആണ് ഞാന്‍ വിവാഹം ചെയ്തത്. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒടുവില്‍ അറിഞ്ഞപ്പോള്‍ കാണാന്‍ വരട്ടെ എന്ന് ചോദിച്ചു. ഞാനാ സമയം റേഡിയേഷന്‍ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു. എനിക്ക് പണ്ട് നീളന്‍ മുടിയുണ്ടായിരുന്നു. എങ്കിലും ഞാന്‍ അദ്ദേഹത്തോട് വരാന്‍ പറഞ്ഞു, ശരിക്കുള്ള രൂപത്തില്‍ കാണണ്ടല്ലോ എന്ന് വിചാരിച്ചു. വന്നു കണ്ടു, ആദ്യ കാഴ്ചയില്‍ എന്നെ ഇഷ്ടമായി. പിന്നീട് വീട്ടുകാരോട് വിവാഹാഭ്യര്‍ഥന നടത്തി അദ്ദേഹം. പിന്നീട് വിവാഹവും നടന്നു. ജീവിതം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ ഒരുക്കിവച്ചിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്യാനുള്ള ശക്തിയും എന്നില്‍ നിക്ഷേപിച്ചിരുന്നു. രോഗത്തെ പേടിച്ച് ഒരിടത്തുനിന്നും പിന്മാറേണ്ടതില്ലെന്നും കഴിഞ്ഞ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. ശരണ്യ പറയുന്നു.

 

 

Related posts