കണ്ണൂർ: “സാർ, സ്ത്രീകൾക്ക് അപമാനം വരുത്തിവച്ച ഈ നാറിയെ കൊന്നുകളയണം… കാമുകന്റെ കൂടെ പൊറുക്കാൻ പോയ്ക്കോടീ, കുഞ്ഞിനെ പോറ്റാൻ കഴിയില്ലെങ്കിൽ കുട്ടികളില്ലാതെ ദുഃഖിക്കുന്ന അച്ഛനമ്മമാർക്ക് നിന്റെ കുഞ്ഞിനെ കൊടുത്തൂടെ…’
ഇത് രോഷാകുലരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും വാക്കുകളാണ്.
കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിൽ കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തിയ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെ (22) പോലീസ് തെളിവെടുപ്പിനായി തയ്യിൽ കടപ്പുറത്ത് കൊണ്ടുവന്നപ്പോൾ ഏറെ രോഷത്തോടെയാണ് ജനങ്ങൾ പ്രതികരിച്ചത്. ഇന്നുരാവിലെ 9.30 ഓടെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ട കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിലേക്കാണ് കൊണ്ടുവന്നത്. കൊലപാതകം നടത്തിയ രീതി പോലീസിനോട് ശരണ്യ പറഞ്ഞുകൊടുത്തു.
കുഞ്ഞിനെ എറിഞ്ഞ സ്ഥലം കടൽക്കരയിൽ നിന്നും ചൂണ്ടിക്കാട്ടിക്കൊടുക്കുകയായിരുന്നു. ഈസമയം രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് നന്നെ പാടുപെടുന്നുണ്ടായിരുന്നു. ജനങ്ങളുടെ തെറിവിളികൾ രൂക്ഷമായപ്പോൾ ജനങ്ങളെ തെളിവെടുപ്പ് നടത്തുന്ന സ്ഥലത്തുനിന്നും ദൂരേക്കു മാറ്റാൻ പോലീസ് ശ്രമിച്ചു.
തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ശരണ്യയുടെ മുഖത്ത് കാര്യമായ ഭാവവ്യത്യാസങ്ങൾ ഇല്ലാതെ തല താഴ്ത്തിയാണ് എത്തിയതെങ്കിലും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പിനുശേഷം തിരിച്ചു ജീപ്പിലേക്ക് കയറുന്പോൾ ശരണ്യയുടെ മുഖത്ത് സങ്കടഭാവം പ്രകടമായിരുന്നു.
തുടർന്ന് തെളിവെടുപ്പിനായി ശരണ്യയും കുടുംബവും താമസിച്ച തയ്യിലിലെ വീട്ടിലേക്കാണു കൊണ്ടുപോയത്. വീട്ടിൽ കയറിയതോടെ ശരണ്യയുടെ അമ്മയും സഹോദരിയും മറ്റു ബന്ധുക്കളും ദുഃഖം താങ്ങാനാവാതെ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു.
ഇതു കണ്ടുനിന്ന അയൽപക്കക്കാരുടെയും സങ്കടം അണപൊട്ടി. പിന്നീടത് കൂട്ടനിലവിളിയായി മാറി. ഇതിനിടയിൽ പുരുഷൻമാരായ ബന്ധുക്കൾ ശരണ്യയെ ശകാരിക്കുകയും തെറിപറയുകയും ഉച്ചത്തിൽ ബഹളം വയ്ക്കുന്നതും കേൾക്കാമായിരുന്നു.
കുഞ്ഞ് അവസാനമായി കിടന്നുറങ്ങിയ മുറിയും ഉപയോഗിച്ച കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് പരിശോധിച്ചു. അവസാനമായി കുടിച്ച പാൽകുപ്പി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശരണ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും.