കണ്ണൂർ: ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിനായി അമ്മ ശരണ്യയുടെ കാമുകൻ ഇന്നും പോലീസിനു മുന്നിൽ ഹാജരായില്ല.
വലിയന്നൂർ സ്വദേശിയായ യുവാവിനോട് കഴിഞ്ഞ ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞെങ്കിലും സ്ഥലത്തില്ലെന്ന കാരണത്താൽ എത്തിയിരുന്നില്ല. തുടർന്നാണ് ഇന്നു ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയത്.
ഒന്നര വയസുകാരൻ വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേദിവസം പുലർച്ചെ ദുരൂഹ സാഹചര്യത്തിൽ തയ്യിൽ കടപ്പുറത്ത് ഇയാളെ കണ്ടതായി നാട്ടുകാർ മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നത്. കൂടാതെ ശരണ്യയുമായി സംസാരിച്ചതിന്റെയും വാട്സ്ആപ്പ് മെസേജിന്റേയും വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
കുഞ്ഞിനെ കൊല്ലാൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നതിനായി ഇരുവരുടെയും ഫോൺ സംഭാഷണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
കൊലപാതകം നടന്നതിന്റെ തലേദിവസം ശരണ്യയുടെ കാമുകൻ കടപ്പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. ചൊവ്വ സ്പിന്നിംഗ് മില്ലിനു സമീപമുള്ള റോഡ് വഴിയാണ് തയ്യിൽ കടപ്പുറത്തേക്ക് എത്തിയത്.
ഇവിടെയുള്ള സിസിടിവിയിൽ ഇയാൾ ബൈക്കിൽ പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.