സിജോ പൈനാടത്ത്
മഹാവ്യാധിയുടെ ആകുലകാലത്താണു പുതുതലമുറ അതിജീവനത്തിന്റെ വഴി അറിഞ്ഞനുഭവിച്ചു പഠിച്ചതെങ്കിൽ, ഈ ഇരുപത്തേഴുകാരി കഴിഞ്ഞ എട്ടു വർഷമായി ജീവിതംകൊണ്ടാണ്, ആ വാക്കിനെ പൂരിപ്പിക്കുന്നത്.
ശരണ്യ. മലയാളി നന്നായി അറിയും. സീരിയൽ കാണുന്ന അമ്മമാർ പെട്ടെന്ന് ഇഷ്ടത്തോടെ ഓർക്കുന്ന നടിയുടെ പേരു മാത്രമല്ല ഇന്നു ശരണ്യ.
കഠിനരോഗത്തിന്റെയും തീവ്രവേദനകളുടെയും കറുത്ത ഇന്നലെകളിൽനിന്നു പുതുപ്രതീക്ഷകളോടെ നവജീവിതത്തിലേക്കു ചുവടുവയ്ക്കുന്ന തീക്ഷ്ണയൗവനം കൂടിയാണവൾ.
അതുകൊണ്ടുതന്നെ സീരിയൽ, സിനിമാ പ്രേക്ഷകർക്കപ്പുറത്തേക്കു മലയാളിയുടെ സ്നേഹ നനവുള്ള ഹൃദയത്തിൽ അനുപമമായ നിറപുഞ്ചിരിയായി ശരണ്യ ശശിക്ക് ഇടമുണ്ട്.
അതിഥിതാരം അർബുദം
ടെലിവിഷൻ ചാനലുകളിലെ ജനപ്രിയ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയമികവറിയിച്ചു, താരശോഭയുടെ ചെറുതിളക്കത്തിൽ നിൽക്കുന്പോഴാണു ശരണ്യയുടെ ജീവിതത്തിലേക്ക്, അർബുദം അതിഥിതാരമായി എത്തിയത്.
സ്ക്രീനുകളിൽ തന്റെ പ്രതിഭയുടെ പ്രകാശനം പാതിവഴി പോലും പിന്നിടും മുന്പേ നിനച്ചിരിക്കാത്ത നേരത്തെത്തിയ തലച്ചോറിലെ അർബുദം തളർത്തിയതു, ശരണ്യയുടെ ശരീരത്തെയും മനസിനെയും മാത്രമല്ല, ഒരു കുടുംബത്തെ കൂടിയായിരുന്നു.
2012ലെ ഓണക്കാലത്ത് ഒരുനാൾ, അമ്മയ്ക്കൊപ്പം ഷോപ്പിംഗിനു പോകാനൊരുങ്ങുന്പോഴാണ് അസാധാരണമായ തലകറക്കം അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചു. അസ്വാഭാവികത തോന്നിയ ഡോക്ടർമാർ, വിദഗ്ധ പരിശോധനകൾ നിർദേശിച്ചു.
സീരിയൽ അഭിനേതാക്കളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റിന്റെ (ആത്മ) അന്നത്തെ പ്രസിഡന്റും മന്ത്രിയുമായിരുന്ന കെ.ബി. ഗണേഷ്കുമാറും സഹപ്രവർത്തകരും ഇടപെട്ടു, ശരണ്യയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു മാറ്റി. തലച്ചോറിൽ ട്യൂമർ സ്ഥിരീകരിച്ചു.
എട്ടു വർഷം, പത്തു സർജറി
ആദ്യത്തെ ശസ്ത്രക്രിയയ്ക്കു ശേഷം അർബുദം വിട്ടുപോയെന്നു ശരണ്യയും ഒപ്പമുള്ളവരും കരുതി. ശേഷം മംഗല്യപ്പട്ട്, കറുത്ത മുത്ത് സീരിയലുകളിലെ വേഷം ചെയ്യാനുള്ള തീരുമാനത്തെ ആദ്യ സർജറി നടത്തിയ ഡോ. സുരേഷ് നായരും എതിർത്തില്ല.
ഒന്നര വർഷത്തിനുശേഷം അർബുദലക്ഷണങ്ങൾ വീണ്ടും പ്രകടമായി. ഡോ. മാത്യു ഏബ്രഹാമിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ ശസ്ത്രക്രിയ. തുടർന്ന് വർഷത്തിലൊരു സർജറി എന്ന സ്ഥിതി. ഇരു ഡോക്ടമാരുടെയും അതീവശ്രദ്ധയും കരുതലും സന്തോഷത്തോടെയാണു ശരണ്യ ഓർക്കുന്നത്.
ഇതിനിടെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ കൊച്ചി അമൃതയിലും രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയയായി. വിദഗ്ധ ചികിത്സയ്ക്കായി ആറു മാസം ബംഗളൂരു എച്ച്സിജി ആശുപത്രിയിലും ശരണ്യ ഉണ്ടായിരുന്നു.
അവിടെ റേഡിയേഷനും കീമോ തെറാപ്പിയും. അപ്പോഴും രോഗത്തിന്റെ പിടിവിട്ടില്ല. വീണ്ടും ശ്രീചിത്രയിലേക്ക്. കഴിഞ്ഞ ഏപ്രിൽ രണ്ടിനു തലയിലെ എട്ടാമത്തെ ശസ്ത്രക്രിയ.
ഷൂട്ടിംഗ് സെറ്റിലെ ആർക്ക് ലൈറ്റിനേക്കാൾ, ഓപ്പറേഷൻ തിയറ്ററിലെ സർജിക്കൽ ലൈറ്റുകൾ പലവട്ടമേറ്റ ശരണ്യയുടെ ശരീരത്തിൽ എട്ടു വർഷം കൊണ്ടു നടന്നതു പത്തു ശസ്ത്രക്രിയകൾ.
വേദനകളുടെ കാലം
വേദന കഠിനമാകുന്പോഴും രോഗം മൂർധന്യത്തിലെത്തുന്പോഴുമാണു ശസ്ത്രക്രിയ നടത്തുന്നത്. ഓരോ ശസ്ത്രക്രിയ കഴിയുന്പോഴും ശരണ്യ മിടുക്കിയായി മടങ്ങിവരുന്നെന്ന പ്രത്യാശയായിരുന്നു അമ്മ ഗീതയ്ക്കും മറ്റുള്ളവർക്കും.
വേദനകൾ ഉള്ളിലൊതുക്കിയും താൻ സുഖം പ്രാപിച്ചുവെന്നു വിശ്വസിക്കാനും മറ്റുള്ളവരോടു പറയാനുമായിരുന്നു ശരണ്യക്കും ഇഷ്ടം.
എട്ടാമത്തെ ശസ്ത്രക്രിയകൂടി കഴിഞ്ഞതോടെ ശരീരം ഏതാണ്ടു തളർന്ന സ്ഥിതിയായി. ശരീരത്തിനു ഭാരം കൂടിയതും നടക്കാൻ വിഷമമുണ്ടാക്കി.
ഇനിയെന്തെന്ന ചോദ്യത്തിനു ഡോക്ടർമാർക്കും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. ഫിസിയോതെറാപ്പിയുടെ സാധ്യത തേടി കോതമംഗലം നെല്ലിക്കുഴി പീസ് വാലിയിലേക്ക്.
പുറപ്പെടുന്പോൾ, ഒരു പ്രതീക്ഷയുമില്ലായിരുന്നെങ്കിലും രണ്ടുമാസത്തെ ചികിത്സയും പരിചരണവും ശരണ്യയെ പ്രതീക്ഷയോടെ നടത്താൻ തുടങ്ങി. ശരീരത്തിനു ബലം നൽകാൻ ദിവസവും ആറു മണിക്കൂർ ഫിസിയോ തെറാപ്പി; മനസിന്റെ ബലത്തിനു സാന്ത്വന ചികിത്സയും.
ആറു പേർ ചേർന്നു പിടിച്ചു വണ്ടിയിൽ നിന്നിറക്കി ആശുപത്രിയിലേക്കെത്തിച്ച ശരണ്യ രണ്ടര മാസംകൊണ്ടു നന്നായി നടന്നു മടങ്ങി.
പുതുജീവിതം പുതുവീട്
കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ അമ്മയ്ക്കൊപ്പം 2012 മുതൽ തിരുവനന്തപുരം ശ്രീകാര്യത്തു വാടകവീട്ടിലാണു താമസം. കണ്ണൂരിലും താമസം വാടക വീട്ടിൽ തന്നെയായിരുന്നു.
ചികിത്സയുടെ സൗകര്യത്തിനാണു തിരുവനന്തപുരത്തേക്കു മാറിയത്. ശരണ്യയുടെ അഭിനയരംഗത്തുനിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക സാന്പത്തിക സ്രോതസ്. ചികിത്സയുടെ ആദ്യഘട്ടത്തിൽ തന്നെ പണത്തിനു ബുദ്ധിമുട്ടായി.
സീരിയൽ, സിനിമാ രംഗത്തുള്ളവരും സുമനസുകളും കൈത്താങ്ങായപ്പോൾ, ശരണ്യക്കു ചികിത്സയും സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു സാക്ഷാത്കാരവുമായി.
ചെന്പഴന്തി എസ്എൻ കോളജിനടുത്തു 4.5 സെന്റ് സ്ഥലത്തു നിർമിച്ച വീട്ടിൽ ശരണ്യയും അമ്മ ഗീതയും 23നു താമസമാരംഭിക്കും. ശരണ്യയുടെ രണ്ടു സഹോദരങ്ങൾ വിവാഹിതരാണ്.
നമുക്കു സ്ക്രീനിൽ കാണാട്ടോ
നിങ്ങളെന്നോടു രോഗം ഇനി വരില്ലെന്നു പറയൂ! – കാൻസറിനെക്കുറിച്ചു ചോദിച്ചാൽ ഇതാണു ചിരിച്ചുകൊണ്ടു ശരണ്യയുടെ പ്രതികരണം. അസാമാന്യമായ മനക്കരുത്തും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ആ വാക്കുകളിലുണ്ട്.
എനിക്കിപ്പോൾ നടക്കാനാകും. അഭിനയിക്കാനുള്ള മോഹം അസ്തമിച്ചിട്ടില്ല. സാഹചര്യങ്ങൾ അനുകൂലമായാൽ സ്ക്രീനിലേക്കു ഞാൻ മടങ്ങിയെത്തും. നിങ്ങളിനിയും കൂടെയുണ്ടാകണം. കാമറയുടെ അകന്പടിയില്ലാത്ത പുഞ്ചിരിയോടെ ശരണ്യയുടെ ഓർമപ്പെടുത്തൽ.
സൂര്യോദയം എന്ന ദൂരദർശൻ സീരിയലിലൂടെയാണു ശരണ്യ എന്ന നടിയുടെ തുടക്കം. ചന്ദനമഴ, കറുത്തമുത്ത്, മംലഗ്യപ്പട്ട് തുടങ്ങിയ സീരിയലുകൾക്കു പുറമേ, ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടോ മുംബൈ, ആൻമരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
“സീമാ’തീതം സ്നേഹം
രോഗത്തിൽ നിന്നുള്ള അതിജീവനത്തിന് ആരോടെല്ലാം കടപ്പാട് എന്നു ചോദിച്ചാൽ ശരണ്യ പറയുന്ന ആദ്യപേര് നടി സീമ ജി. നായരുടെയൊണ്. ശരണ്യക്ക് അർബുദമാണെന്നറിഞ്ഞതു മുതൽ ഒരു ജ്യേഷ്ഠത്തിയെപ്പോലെ സീമ ഇന്നോളം ഒപ്പമുണ്ട്.
മികച്ച ചികിത്സ ലഭ്യമാക്കാനും സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനും അതിലുപരി സാന്നിധ്യം കൊണ്ടു സാന്ത്വനമാകാനും സീമ ശ്രമിച്ചു. ആത്മയുടെ വൈസ് പ്രസിഡന്റ് ആയിരുന്നതു കൊണ്ടു മാത്രമല്ല,
ഞാൻ അവൾക്കു വേണ്ടി കൂടെ നിൽക്കണമെന്നതു ദൈവനിയോഗമാണെന്നു കരുതാനാണ് ഇഷ്ടമെന്നു സീമ. ഏതോ ഒരു മുജ്ജന്മബന്ധം ഉണ്ടായിരിക്കാമെന്നു കൂടി തങ്ങളുടെ പാരസ്പര്യത്തിനു സീമയുടെ പൂരിപ്പിക്കൽ.
ശരണ്യയുടെ ചികിത്സയ്ക്കു പണമില്ലാതെ വിഷമിച്ചപ്പോൾ, ആദ്യഘട്ടത്തിൽ സീരിയൽ രംഗത്തെ നിരവധി പേരും ചുരുക്കം സിനിമാ പ്രവർത്തകരും സഹായങ്ങൾ നൽകിയെന്നു സീമ പറയുന്നു.
പിന്നീട് അവർക്കും സാധിക്കാതെയായി. പ്രതീക്ഷയോടെ മുട്ടിയ പല വാതിലുകളും നിരാശപ്പെടുത്തിയപ്പോഴാണു സോഷ്യൽ മീഡിയ വഴി സഹായം തേടാൻ നിർബന്ധിതയായത്.
സോഷ്യൽ മീഡിയയിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്ന സൂരജ് പാലാക്കാരന്റെയും ഫിറോസ് കുന്നംപറന്പിലിന്റെയും സഹായത്തോടെ ശരണ്യക്കായുള്ള വീഡിയോകൾ തയാറാക്കി. പ്രതീക്ഷിച്ചതിലും കൂടുതൽ സഹായം അതിലൂടെ ലഭിച്ചു.
ചാനലിലെ പരിപാടിക്കിടയിലും സീമ ശരണ്യയുടെ ജീവിതാവസ്ഥ പറഞ്ഞതും സഹായങ്ങളായി മാറി. അങ്ങനെയാണു ചികിത്സയ്ക്കൊപ്പം ശരണ്യക്കു സ്വന്തമായി വീടിനും വഴിയൊരുങ്ങിയത്.
ദിവസക്കൂലിയായി കിട്ടിയ 200 രൂപ പോലും ശരണ്യക്കു സഹായമായി നൽകിയ നല്ല മനുഷ്യരുണ്ടെന്നു സീമ ഓർക്കുന്നു. ഒടുവിലെ ശസ്ത്രക്രിയയ്ക്കുശേഷം കൊച്ചി വൈറ്റിലയിലെ സീമയുടെ വീട്ടിലാണു ശരണ്യയും അമ്മയും ഏറെനാൾ താമസിച്ചത്.
പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തനങ്ങളിലൂടെ പരിചയമുള്ള സാബിതിന്റെ സഹായത്തോടെയാണു ശരണ്യയെ ഫിസിയോതെറാപ്പിക്കായി എത്തിച്ചത്.
ചെറുപ്പം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇഷ്ടപ്പെട്ട താൻ, ഇപ്പോഴും ആ പാത പിന്തുടരാൻ ശ്രമിക്കുന്നുണ്ടെന്നു സീമ പറയുന്നു. ശരണ്യക്കൊപ്പം മംഗല്യപ്പട്ട് സീരിയലിൽ സീമ ജി. നായർ അഭിനയിച്ചിട്ടുണ്ട്.