46 വർഷങ്ങൾക്ക് മുന്പ് തൃശൂരിലെ ഒരു തിയറ്ററിൽ നിന്നിറങ്ങിയ പ്രേക്ഷകനോട് ടിക്കറ്റ് എടുക്കാൻ ക്യൂ നിന്നിരുന്ന ഒരാൾ ചോദിച്ചു പടം എങ്ങനെയുണ്ട് – ഞാനിതിപ്പോൾ അഞ്ചാമത്തെ തവണയാണ് കാണുന്നത്.. വേറൊന്നുമില്ല.. ആ കുതിരക്കാരൻ കുതിരയെ മസാജ് ചെയ്യുന്ന ഒരു സീൻ ഉണ്ട്… അതൊന്ന് കാണേണ്ട കാഴ്ചയാണ്.. അതായിരുന്നു അയാളുടെ മറുപടി.
അങ്ങനെ പ്രേക്ഷകർ പലതവണ കണ്ട ഒരു സിനിമയായിരുന്നു അത് . ആ പ്രേക്ഷകനെ പോലെ പലരും പറഞ്ഞ ആ രംഗമായിരുന്നു ജയൻ അഭിനയിച്ച ശരപഞ്ജരം എന്ന സിനിമയുടെ ഹൈലൈറ്റ്. കുതിരയെ ജയൻ മസാജ് ചെയ്യുന്ന രംഗം കാണാൻ വേണ്ടി മാത്രം എത്രയോ തവണ ഈ സിനിമ തിയറ്ററിൽ കണ്ടവരുണ്ട്. ജയൻ നായകനായ സിനിമ എന്ന് പറയാൻ ഒരിക്കലുംകഴിയില്ല. കാരണം ഈ സിനിമയിൽ ജയൻ പ്രതിനായകനാണ്. വില്ലനിസത്തിന്റെ മൂർത്തിഭാവം… ആരും വെറുത്തു പോകുന്ന കഥാപാത്രം.
ഹരിഹരന്റെ സംവിധാനത്തിൽ 1979ല് ജയൻ, ഷീല എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ശരപഞ്ജരം ജയന്റെ അഭിനയ ജീവിതത്തിന്റെ ജാതകം തിരുത്തിയെഴുതിയ ചിത്രമായിരുന്നു. ധനികനും രോഗിയും ആയ ഭർത്താവിനും കുഞ്ഞുമകൾക്കുമൊപ്പം കഴിയുന്ന യുവതിയായ വീട്ടമ്മ വീട്ടിൽ ജോലിക്കെത്തുന്ന സുന്ദരനായ യുവാവിൽ അനുരക്തയും തുടർന്ന് അയാൾക്ക് വശംവദയുമാകുന്നു.
ഭർത്താവിന്റെ ആകസ്മിക മരണത്തെത്തുടർന്ന് അവൾ അയാളെ ഭർത്താവാക്കുന്നു. അയാൾ തികഞ്ഞ സ്ത്രീലമ്പടനും ധനമോഹിയുമാണെന്ന് അറിയുന്നതിനെത്തുടർന്നുള്ള സംഘർഷങ്ങളിലൂടെ സിനിമ മുന്നോട്ടു പോകുന്നു. സിനിമയിലെ വീട്ടുജോലിക്കാരനായി എത്തുന്ന കുതിരക്കാരന്റെ വേഷം ജയൻ അതിഗംഭീരമാക്കി. 46 വർഷങ്ങൾക്കിപ്പുറം ഈ സിനിമ റീമാസ്റ്റർ ചെയ്തു ഫോർ കെയിൽ വരുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത് ജയൻ എന്ന നടന്റെ കാലാതീതമായ ആ പെർഫോമൻസ് ഒരിക്കൽ കൂടി കാണുന്നതിനു വേണ്ടിയാണ്.
മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കാവുന്ന ജയന്റെ ആക്ഷനെക്കാൾ മികച്ച അഭിനയം നിറഞ്ഞ സിനിമയായിരുന്നു ശരപഞ്ജരം. ജയൻ എന്ന നടനിലെ അഭിനേതാവിനെ മാർക്ക് ചെയ്ത സിനിമ.
നായികയ്ക്ക് പ്രാധാന്യം കൊടുത്ത് ചെയ്ത സിനിമ അതുകൊണ്ടുതന്നെ പ്രതിനായകൻ ഹൈജാക്ക് ചെയ്ത സിനിമയായി. ഹരിഹരൻ എന്ന സംവിധായകന്റെ ബ്രില്യൻസ് ജയന്റെ കഥാപാത്ര അവതരണത്തിൽപ്രകടമായിരുന്നു. ഒരുപക്ഷേ മറ്റേത് കഥാപാത്രത്തേക്കാൾ ഹരിഹരൻ ഫോക്കസ് കൊടുത്തത് ജയന്റെ കഥാപാത്രത്തിനായിരുന്നു എന്നുപോലും തോന്നിപ്പോകും.
മലയാറ്റൂർ രാമകൃഷ്ണന്റെ കഥയിൽ നിന്നു രൂപംകൊണ്ട ഈ സിനിമ ശരിക്കും ഒരു സ്ത്രീപക്ഷ സിനിമയാണ്. നായികയ്ക്ക് നല്ല പ്രാധാന്യമുള്ള സിനിമ. എന്നാൽ വില്ലൻ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കിയ സിനിമയായി ഇത് മാറുകയായിരുന്നു. ഒരുപാട് നെഗറ്റീവ് ലെയറുകൾ ഉള്ള ആ കഥാപാത്രം ജയന്റെ കൈയിൽ ഭദ്രമായിരുന്നു. ഇത് തനിക്കു കിട്ടിയ സുവർണാവസരം ആണെന്ന് തിരിച്ചറിഞ്ഞ ജയൻ അതൊട്ടും പാഴാക്കിയില്ല. അതിന്റെ റിസൾട്ട് ആണ് പിന്നീട് മലയാള സിനിമ കണ്ടത്. സാധാരണ സിനിമകളിൽ വില്ലൻ കൊല്ലപ്പെടുമ്പോൾ കൈയടിക്കുന്ന പ്രേക്ഷകൻ പക്ഷേ ഈ സിനിമയിൽ പ്രതിനായകൻ വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ കൈയടിച്ചില്ല പകരം വിഷമിച്ചു. ഈ കുതിരക്കാരൻ വില്ലൻ കൊല്ലപ്പെടണമെന്ന് ആശിച്ചവർക്ക് പോലും ക്ലൈമാക്സിൽ ഒരല്പം വേദന തോന്നിയെങ്കിൽ അത് ആ കഥാപാത്ര അവതരണത്തിന്റെ മികവ് ഒന്നുകൊണ്ടു മാത്രമായിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ പല താരങ്ങളും സംവിധായകരും വാതോരാതെ സംസാരിച്ചത് സിനിമയിലെ പ്രതിനായകനെ കുറിച്ചായിരുന്നു. വരുംകാല മലയാള സിനിമ ഈ നടനു വേണ്ടിയായിരിക്കും എന്ന് പ്രവചിച്ചവരുമുണ്ട്. ഒരു നടന്റെ തലവര മാറാൻ ഒരു മാറ്റിനി മതിയെന്ന് പറയാനുള്ളത് ജയന്റെ കാര്യത്തിൽ സത്യമായി.
ഈ സിനിമയിൽ ജയനെ പ്രതിനായക വേഷത്തിലേക്ക് പരിഗണിക്കുന്നതിന് മുന്പ് ആ ദ്യം മധുവിനെയായിരുന്നു നായകനും വില്ലനുമായ ആ കഥാപാത്രത്തിനായി ആലോചിച്ചിരുന്നത്. മധു അന്ന് മലയാള സിനിമയിൽ കത്തി കയറി നിൽക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ തിരക്ക് മൂലം മധുവിന് ഈ സിനിമ സ്വീകരിക്കാൻ പറ്റിയില്ല. അന്യഭാഷാ നടന്മാരെ വരെ ഈ വേഷം ചെയ്യാൻ അണിയറ പ്രവർത്തകർ സമീപിച്ചിട്ടുണ്ട്. തമിഴ് നടൻ പ്രഭു, കന്നടനടൻ വിഷ്ണുവർധൻ എന്നിവരെയെല്ലാം ഈ സിനിമയിലെ കുതിരക്കാരൻ ആവാൻ വേണ്ടി അണിയറ പ്രവർത്തകർ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. പിന്നീടാണ് നറുക്ക് ജയന് വീഴുന്നത്. ജയനെ ചിത്രത്തിൽ അഭിനയിപ്പിക്കുന്നതിനോട് എതിർപ്പുള്ളവരും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ പോലും ജയനെ അഭിനന്ദിച്ചതിന് കാലം സാക്ഷി.
ഇന്നും ശരപഞ്ജരം എന്ന സിനിമയെ പറ്റി പറയുമ്പോൾ പ്രേക്ഷക മനസിലെ വെള്ളിത്തിരയിൽ ആദ്യം തെളിയുക ജയൻ കുതിരയെ മസാജ് ചെയ്യുന്ന ആ പ്രശസ്തമായ രംഗമാണ്. മസാജ് ചെയ്യുമ്പോൾ ജയന്റെ പുറത്തെ മസിലുകൾ ഉരുണ്ട് കളിക്കുന്ന ആ രംഗം തിയറ്ററിൽ കൈയടി നേടിയ സീനായിരുന്നു. കൊടൈക്കനാലിൽ വച്ച് അവിചാരിതമായി കുതിരയുടെ ഉടമസ്ഥൻ കുതിരയെ മസാജ് ചെയ്യുന്നത് കണ്ടപ്പോൾ സംവിധായകൻ ഹരിഹരൻ തോന്നിയ ഒരു സ്പാർക്കാണ് കാലങ്ങൾ പലതു കഴിഞ്ഞിട്ടും ഇപ്പോഴും വൈറലായി നിലകൊള്ളുന്ന ആ മസാജ് രംഗത്തിലേക്ക് എത്തിച്ചത്.
കുതിരക്കാരനായ ജയന്റെ കഥാപാത്രം കുതിരയെ മസാജ് ചെയ്യുന്നത് നോക്കിനിൽക്കുന്ന ഷീലയുടെ കാഴ്ചപ്പാടിലൂടെയാണ് ആ സീൻ ഡെവലപ്പ് ചെയ്യുന്നത്. ചിത്രത്തിൽ കുതിര ഒരു കഥാപാത്രവും പല രംഗങ്ങളിലും ബിംബ കൽപനയുമാണ്. മെരുങ്ങാത്ത കുതിരയെ ജയൻ മെരുക്കുന്ന രംഗങ്ങളും മറ്റും ചിത്രത്തിൽ ഉണ്ട്. ഈ കുതിരയുടെ ചിത്രം പോലും ഒരു ഘട്ടത്തിൽ സിനിമയിൽ പ്രധാനപ്പെട്ട ഒരു ഷോട്ടിൽ ഇടം പിടിക്കുന്നുണ്ട്. വീട്ടു ജോലിക്കാരനും കുതിരക്കാരനും ആയ കഥാപാത്രത്തിൽ നിന്ന് ആ വീട്ടിലെ മുതലാളിയായി മാറുന്ന ജയൻ കഥാപാത്രത്തിന്റെ ട്രാൻസ്ഫർമേഷൻ ഭാവ പ്രകടനങ്ങളിലൂടെയും അപാരമായ ഡയലോഗ് മോഡുലേഷനിലൂടെയും ജയൻ മികച്ചതാക്കി.
നെല്ലിക്കോട് ഭാസ്കരന് ഏറ്റവും നല്ല രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ഈ സിനിമയിലൂടെ ലഭിച്ചു. “അൻജാം” എന്ന പേരിൽ പിന്നീട് ഈ സിനിമ ഹിന്ദിയിൽ റീമേക് ചെയ്തു. ഹരിഹരൻ തന്നെയായിരുന്നു സംവിധായകൻ. ഹേമാമാലിനി, ശശി കപൂർ, ഷാഫി ഇനാംദാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം പരാജയമായിരുന്നു. എല്ലാം ഉണ്ടായിരുന്നെങ്കിലും അതിൽ ജയൻ ഉണ്ടായിരുന്നല്ലോ എന്നാണ് അന്ന് ഇതേക്കുറിച്ച് ഒരു നിരൂപകൻ എഴുതിയത്.
1979 മാർച്ച് രണ്ടു വെള്ളിയാഴ്ചയാണ് ശരപഞ്ജരം കേരളത്തിൽ റിലീസ് ചെയ്തത്. അന്ന് തിരുവനന്തപുരത്ത് തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ആയിരുന്ന ഹരിഹരനെ തേടി അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലേക്ക് ലാൻഡ് ഫോണിൽ തുരുതുരാ വിളിയായിരുന്നു സിനിമ മേഖലയിലുള്ള വരും പ്രേക്ഷകരും.
ഈ സിനിമയിൽ കുതിരയെ മസാജ് ചെയ്യുന്ന രംഗം പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ക്ലൈമാക്സിലെ ഫൈറ്റ്. അന്നേവരെ കണ്ടിട്ടുള്ള ആക്ഷൻ കോറിയോഗ്രാഫിയിൽ നിന്ന് വ്യത്യസ്തമായി കുറേക്കൂടി റിയലിസ്റ്റിക്കായ ഫൈറ്റ് സ്വീക്കൻസ് ആയിരുന്നു ഈ സിനിമയിൽ പ്രേക്ഷകർ കണ്ടത്. മെല്ലി ഇറാനി എന്ന കാമറാമാന്റെ വ്യത്യസ്തമായ ഷോട്ടുകളും ഈ രംഗത്തിന് കൊഴുപ്പേകി. ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന്റെ തിരക്കു മൂലം ക്ലൈമാക്സിലെ ഫൈറ്റ് കമ്പോസ് ചെയ്തത് ജയൻ തന്നെയായിരുന്നു. ജയനും സത്താറും തമ്മിലുള്ള ആ ക്ലൈമാക്സ് ഫൈറ്റ് ടെൻഷനടിച്ച് വീർപ്പടക്കിയാണ് പ്രേക്ഷകർ കണ്ടു തീർത്തത്.
ഒരു കച്ചവട സിനിമയുടെ എല്ലാ ചേരുവകളും ചേരുംപടി ചേർത്ത ചിത്രം നിർമിച്ചത് ജി.പി. ബാലനാണ്. യൂസഫലി കേച്ചേരി – ദേവരാജൻ മാസ്റ്റർ എന്നിവരായിരുന്നു സംഗീത വിഭാഗം കൈകാര്യം ചെയ്തത്. മലയാറ്റൂർ രാമകൃഷ്ണന്റെ കഥയ്ക്ക് തിരക്കഥ ഹരിഹരൻ തന്നെ തയാറാക്കിയപ്പോൾ സംഭാഷണങ്ങൾ കെ.ടി. മുഹമ്മദ് ആണ് എഴുതിയത്. ജയന്റെ ഒപ്പം തന്നെ വളരെ പ്രധാനപ്പെട്ട വേഷത്തിൽ എത്തിയ നടി ഷീലയ്ക്ക് തന്റെ അഭിനയ മികവ് പുറത്തെടുക്കാൻ സാധിക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിൽ ഉടനീളം ഉണ്ടായിരുന്നു.
46 വർഷത്തിനുശേഷം പുതിയ ഡിജിറ്റല് സാങ്കേതിക മികവോടെ റീമാസ്റ്റേര്ഡ് വേര്ഷനില് റോഷിക എന്റര്പ്രൈസസ് ചിത്രം വീണ്ടും ബിഗ് സ്ക്രീനില്. പണ്ട് ചിത്രം തിയറ്ററിൽ കണ്ടവരും ഇതുവരെ തിയറ്ററിൽ കാണാത്തവരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞദിവസം പുറത്തിറക്കിയ ട്രെയ്ലർ നിരവധി പേരാണ് കണ്ടത്. ഏപ്രിൽ 25ന് ചിത്രം കേരളത്തിലെ 65-ഓളം തിയറ്ററുകളില് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. അറ്റ്മോസ് ശബ്ദ സംവിധാനവും 4 കെ ദൃശ്യമികവിലുമാണ് സിനിമ തിയറ്ററിൽ എത്തുന്നത്.
നാലര പതിറ്റാണ്ടിനു ശേഷം മലയാളത്തിന്റെ ബിഗ് സ്ക്രീനിലേക്ക് എത്തുന്ന കുതിരക്കാരനെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ജയൻ ആരാധകർ.
ഋഷി