വെണ്‍മണി കടവുകാരുടെ ഹീറോയായി സരസമ്മ! ഉടുത്തിരുന്ന സാരി ആറ്റിലേക്ക് എറിഞ്ഞുകൊടുത്ത് രക്ഷിച്ചത് മൂന്നു ജീവനുകള്‍; സംഭവബഹുലമായ കഥ…

Vettamma1നൗഷാദ് മാങ്കാംകുഴി

മാവേലിക്കര: വെട്ടിയാര്‍ അച്ചന്‍കോവിലാറിനു സമീപത്തുള്ള വെണ്‍മണി കടവുകാര്‍ക്ക് ഇന്ന് സരസമ്മയാണ് ഹീറോ. ഈ നാട്ടിലെ ഓരോരുത്തരും ഈ അമ്പതുകാരി വീട്ടമ്മയുടെ പേരില്‍ അഭിമാനം കൊള്ളുന്നു. അച്ചന്‍കോവിലാറിലെ കുത്തൊഴുക്കില്‍ മുങ്ങിത്താഴ്ന്ന മൂന്നു യുവാക്കള്‍ക്ക് സ്വന്തം വസ്ത്രം അഴിച്ച് ആറ്റിലേക്ക് എറിഞ്ഞു നല്‍കിയ സരസമ്മ അവരെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തുകയായിരുന്നു. കൊട്ടാരക്കര സ്വദേശികളായ പവീഷ്, രാഹുല്‍, നഹാസ് എന്നിവരെയാണ് വെണ്മണി കടവില്‍ ശശിയുടെ ഭാര്യ സരസമ്മ, അയല്‍വാസിയായ വിമുക്തഭടന്‍ തേക്കില്‍ പുത്തന്‍വീട്ടില്‍ ബാബു എന്നിവര്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. വെട്ടിയാര്‍ പുലക്കടവ് പാലത്തിനുസമീപം അച്ചന്‍കോവിലാറ്റില്‍ കൊട്ടാരക്കര സ്വദേശികളായ ഏഴംഗ സംഘം എത്തുകയായിരുന്നു ഇതില്‍ നാലുപേര്‍ ആറ്റില്‍ നീന്തികുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടു. ആറ്റില്‍ നിന്നും അലമുറ കേട്ട് വീട്ടമ്മ വീടിനുപുറത്ത് ഇറങ്ങി നോക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി മൂന്നുപേര്‍  ആറ്റില്‍ മുങ്ങിതാഴുന്നതാണ് കണ്ടത്. കൂടെയുള്ള സുഹൃത്തുക്കള്‍ കരയില്‍ നിന്ന് അവരെ രക്ഷിക്കാന്‍ സഹായത്തിനായി അലറിവിളിക്കുകയാണ്. ഈ സമയം ആറിനുസമീപം ഓടിയെത്തിയ വീട്ടമ്മ ഉടുത്തിരുന്ന സാരി അഴിച്ച്  ആറ്റിലേക്ക് എറിഞ്ഞുകൊടുത്തു. യുവാക്കള്‍ അതില്‍ പിടിച്ച് കയറാന്‍ ശ്രമം നടത്തി. കരക്കടുക്കാറായപ്പോള്‍ അവര്‍ പിടിവിടാന്‍ തുടങ്ങി. ഉടന്‍തന്നെ വീട്ടമ്മ വിളിച്ചുകൂവി. ശബ്ദം കേട്ട് ഓടിയെത്തിയ വിമുക്തഭടന്‍ ബാബു സാരിക്കൊപ്പം വലിയ മുളങ്കമ്പ് കൂടി ഇട്ടുകൊടുക്കുകയും ഇതില്‍ പിടിച്ച് തൂങ്ങിക്കിടന്ന യുവാക്കളെ പിന്നീട് ബാബു ആറ്റിലേക്ക് നീന്തി ഇറങ്ങി കരക്കെത്തിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഒരാള്‍ കൂടി ആറ്റില്‍  മുങ്ങിതാഴ്ന്നതായി രക്ഷപ്പെട്ടവര്‍ അറിയിച്ചു. പോലീസിനെയും അഗ്‌നിശമന സേനയെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും അഗ്‌നിശമനസേനയും കാണാതായ യുവാവിനുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. ഒന്നരമണിക്കൂര്‍ നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍, മുങ്ങിത്താഴ്ന്ന യുവാവിന്റെ മൃതദേഹം കണെ്ടടുത്തു. കൊട്ടാരക്കര അയിനുംമൂട്ടില്‍ അനില്‍ കുമാറിന്റെ (27 ) മൃതദേഹമാണ് കണെ്ടടുത്തത്. വീട്ടമ്മയായ സരസമ്മയുടെ  സമയോചിതമായ ഇടപെടലാണ് മൂന്നു ജീവനുകള്‍ക്ക് രക്ഷയുടെ വാതില്‍ തുറന്നത്. മാവേലിക്കര കൊച്ചാലുംമൂട് പോപ്പുലര്‍ മാരുതി ഷോപ്പിലെ ജോലിക്കാരിയാണ് ഇവര്‍. രക്ഷപ്പെടുത്തിയ കാര്യങ്ങള്‍ നാട്ടുകാരോട് പറയുമ്പോള്‍ സരസമ്മയുടെ കൈയും മനസും വിറങ്ങലിക്കുകയാണ്.

Related posts