തിരുവില്വാമല: അന്ന് എസ്എഫ്ഐക്കാർ കുഴിമാടം തീർത്ത് റീത്തുവെച്ച പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ടി.എൻ.സരസുവിനെ ആലത്തൂർ ലോക്സഭമണ്ഡലത്തിൽ പോരാളിയാക്കിയിറക്കി ബിജെപി.ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ പറഞ്ഞു കേട്ടിരുന്ന പേരുകൾക്ക് പകരം സരസുവിന്റെ പേര് വന്നപ്പോൾ ബിജെപി നേതൃത്വം പോലും അന്പരന്നു.
തീർത്തും അപ്രതീക്ഷിതമായാണ് സരസു ആലത്തൂരിന്റെ പടനിലത്തിൽ മന്ത്രി കെ.രാധാകൃഷ്ണനും സിറ്റിംഗ് എംപി രമ്യഹരിദാസിനുമെതിരെ പോരാട്ടത്തിനിറങ്ങുന്നത്.കലാലയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും പ്രമുഖ സ്ഥാനമുള്ള പാലക്കാട് വിക്ടോറിയ കോളജിൽ 2016ലാണ് കേരളമാകെ ചർച്ച ചെയ്ത കുഴിമാടം റീത്തുവയ്ക്കൽ നടന്നത്.
അന്ന് കോളജിൽ നിന്ന് വിരമിച്ച ഡോ.ടി.എൻ.സരസുവിന് വിരമിക്കൽ സമ്മാനമായി പ്രതീകാത്മക ശവക്കുഴി എസ്എഫ്ഐ ഒരുക്കിയെന്ന ആരോപണവും തുടർന്ന് സരസു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തുതുമെല്ലാം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശവക്കുഴി തീർത്തെന്ന ആരോപണം എസ്എഫ്ഐ നിഷേധിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിനു ശേഷം സരസുവിനെക്കുറിച്ച് കാര്യമായൊന്നും കേട്ടിരുന്നില്ലെങ്കിലും ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായി അവർ എത്തിയത് കൃത്യമായ കരുനീക്കങ്ങളും അണിയറ തന്ത്രങ്ങൾക്കുമൊടുവിലാണെന്ന് വ്യക്തം.സംവരണ മണ്ഡലമായ ആലത്തൂരിൽ ബിഡിജഐസ് വിട്ടകൊടുത്ത സീറ്റിനായി ബിജെപിയിലെ പലരും അവസരം കാത്തിരിക്കുന്പോഴാണ് അപ്രതീക്ഷിതമായി സരസു സ്ഥാനാർഥിയായി വരുന്നത്.
തൃശൂർ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളും ചേർന്ന ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പ്രചരണവുമായി രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പടയ്ക്കൊരുങ്ങുന്നത്.
ആലത്തൂരിൽ പിടി.ഉഷ, മഹിളാമോർച്ചയുടെ മുൻ പ്രസിഡണ്ടും മുൻപ് നിയമസഭാ സ്ഥാനാർഥിയുമായിരുന്ന ഡോ. രേണു സുരേഷ്, സി കെ ജാനു, പ്രഫ.വിജയലക്ഷ്മി എന്നിവരുടെ പേരുകൾ പ്രചരിച്ചിരുന്നു.കോണ്ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന പത്മജ വേണുഗോപാലിന് താത്പര്യമുള്ള സ്ഥാനാർഥിയെ ആയിരിക്കും ആലത്തൂരിൽ നിർത്തുകയെന്ന അഭ്യൂഹവുമുണ്ടായിരുന്നു.
ശശികുമാർ പകവത്ത്