സാന്പത്തികമായി ഉന്നതമായ കുടുംബത്തിലെ അംഗമായിരുന്നു ചന്ദ്രു രമേഷ് കാംബ്ല . 12-ാം വയസില്‍ നിസാരമായ കാര്യത്തിന് നാടുവിട്ടു. പല സ്ഥലങ്ങളിലും ജോലി ചെയ്ത് ജീവിതം തള്ളിനീക്കിയ ചന്ദ്രു മൂന്നു വര്‍ഷം മുന്‍പാണ് ജോലി തേടി കാസര്‍ഗോഡ് ചെര്‍ക്കളയിലെത്തിയത്. സുഹൃത്തിന്റെ ഭാര്യയുടെയും രണ്ടു കുട്ടികളുടെയും ചിത്രം കാട്ടി നാട്ടിലുള്ള തന്റെ ഭാര്യയും കുട്ടികളും ആണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നു.
ഇതിനിടയില്‍ ചാരായം കടത്തിയതിന് വിദ്യാനഗര്‍ പോലീസ് ചന്ദ്രുവിനെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു മാസം മുന്‍പാണ് ഹുബ്ലി സ്വദേശിനിയായ സരസുവുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. സരസുവും കൂലിപ്പണി തേടി ചെര്‍ക്കളയിലെത്തിയതായിരുന്നു. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രു ഇന്റര്‍ലോക്കിംഗ് ജോലിക്കായി പോകാന്‍ തുടങ്ങിയത്. ചെര്‍ക്കളയിലെ താമസ സ്ഥലത്ത് മദ്യപിക്കുന്നവരെ കൊണ്ട് കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും ബസ് സ്റ്റോപ്പിലാണ് ഉറങ്ങുന്നതെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു മാസം മുന്‍പാണ് ഇന്റര്‍ലോക്ക് കന്പനി ഉടമ തന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഒറ്റമുറി ക്വാര്‍ട്ടേഴ്സ് ചന്ദ്രുവിന് താമസിക്കാനായി നല്‍കിയത്.
പിന്നാലെ ചന്ദ്രു കാമുകി സരസുവിനെയും ക്വാര്‍ട്ടേഴ്സിലെത്തിച്ചു. രണ്ടു മാസം ഇരുവരും അവിടെ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. കൊല നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ടൗണില്‍ ചെന്ന് പച്ചക്കറിയും മറ്റു സാധനങ്ങളും ഇരുവരും വാങ്ങി കൊണ്ടുവന്നിരുന്നു.
പിന്നീട് ചെര്‍ക്കളയില്‍ ചെന്ന് കൂടുതല്‍ ചാരായവും വാങ്ങി. അന്ന് ഉച്ചയ്ക്കും വൈകുന്നേരവും ഇരുവരും ഒന്നിച്ച് മദ്യവും ഭക്ഷണവും കഴിച്ചു. അന്നേദിവസം രാത്രി സരസുവിന്റെ പരപുരുഷബന്ധം നേരിൽകാണിനിടയായ ചന്ദ്രു ഇതിന്റെ പേരില്‍ വഴക്കിട്ടു. പിറ്റേന്ന് രാത്രി ഇരുവരും വീണ്ടും ഒരുമിച്ച് മദ്യപിച്ചു. തലേദിവസത്തെ സംഭവത്തിന്റെ പേരിൽ വീണ്ടും വഴക്കിട്ടു.
മദ്യലഹരിയിൽ സരസുവിന്റെ തല പിടിച്ച് പലതവണ ശക്തമായി ഭിത്തിയിലിടിച്ചു. പിന്നീട് തളര്‍ന്നുറങ്ങി. പുലർച്ചെ എഴുന്നേറ്റ് നോക്കിയപ്പോളാണ് സരസു മരിച്ചെന്ന കാര്യമറിയുന്നത്. ഇതിനു ശേഷം ഇന്റര്‍ലോക്ക് ഉടമയ്ക്ക് മുറിയുടെ താക്കോല്‍ ഏല്പിച്ച് നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചന്ദ്രു പോയത്. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. ചെര്‍ക്കളയിലെത്തി കൂട്ടുകാര്‍ക്ക് മുന്‍പ് നല്കിയ പണം നിര്‍ബന്ധപൂര്‍വം തിരിച്ചു വാങ്ങിച്ചു. നാട്ടില്‍ നിന്നും ഭാര്യയെ കൂട്ടി വരാനുണ്ടെന്നാണ് പറഞ്ഞത്.
ഇവിടെ നിന്നും മുങ്ങിയ ചന്ദ്രു രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ഇയാളുടെ ഫോണില്‍ ഇന്റര്‍ലോക്ക് കന്പനി ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. ഡിസംബർ 20നു രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സരസുവിന്റെ മൃതദേഹം പുതപ്പുകൊണ്ട് മൂടിയ നിലയിൽ മുറിയിൽ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ കാസർഗോഡ് ടൗൺ സിഐ വി.വി. മനോജ്, എസ്ഐ പി. അജിത്കുമാർ എന്നിവർക്കായിരുന്നു അന്വേഷണചുമതല. സ്ഥലത്തു നിന്നു മുങ്ങിയ ചന്ദ്രുവിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടത്തിയത് ഇയാൾ തന്നെയെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. എന്നാൽ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണം വഴിമുട്ടിച്ചു.
ഫോൺ കോൾ കുടുക്കി
കൊലപാതകം നടത്തിയശേഷം ചന്ദ്രു മംഗളുരുവിലേയ്ക്കാണ് പോയത്. അവിടെ നിന്ന് ഏഴു സുഹൃത്തുക്കളെ ഫോൺ ചെയ്തു. ഇതിനു ശേഷം സിം കാർഡ് നശിപ്പിച്ചു. ഈ ഏഴു നന്പറുകളും പിന്നീട് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. കർണാടകയിലെ ഗടക് ജില്ലയിലെ ലക്ഷ്മീശ്വര എന്ന പട്ടണത്തിൽ താമസിക്കുന്ന സുഹൃത്തിന്റെ അടുക്കലേയ്ക്കാണ് ചന്ദ്രു പിന്നീട് പോയത്. ഒരാഴ്ച അവിടെ സുഹൃത്തിന്റെ ചെലവിൽ താമസിച്ചു. ചെറിയ വരുമാനം കിട്ടുന്ന ജോലിയായിരുന്നു ആ സുഹൃത്തിനുണ്ടായിരുന്നത്.
ചന്ദ്രു പിന്നീട് ഒരു ജോലിക്കായി അന്വേഷണം ആരംഭിച്ചു. അങ്ങനെ 230 കിലോമീറ്റർ അകലെയുള്ള തീർഥഹള്ളി എന്ന ഗ്രാമപ്രദേശത്തേയ്ക്കാണ് പോയത്. നല്ലൊരു ജോലി കിട്ടിയാൽ സുഹൃത്തിനെയും അവിടേയ്ക്കു കൊണ്ടുപോകാമെന്ന് പോകുന്നതിനു മുന്‍പായി ചന്ദ്രു വാക്കു നൽകിയിരുന്നു. തുംഗ നദീതീരത്ത് സ്ഥിതിചെയ്യുന്ന തീർഥഹള്ളി നെൽകൃഷിയിൽ പ്രസിദ്ധമാണ്. തീർഥഹള്ളിയിൽ നെൽപാടത്ത് മെതിയന്ത്രത്തിന്റെ ഓപ്പറേറ്ററായി ചന്ദ്രുവിന് ജോലി ലഭിച്ചു. മണിക്കൂറിന് 250 രൂപയായിരുന്നു പ്രതിഫലം. പ്രതിദിനം 1500 മുതൽ 2000 രൂപ വരെ ഇയാൾക്ക് കിട്ടിത്തുടങ്ങി.
തുടർന്ന് നേരത്തെ നൽകിയ വാക്ക് പാലിക്കാനായി ജോലി ശരിയാക്കിയ കാര്യം സുഹൃത്തിനെ ഫോൺ വിളിച്ചുപറഞ്ഞത് ചന്ദ്രുവിനെ കുടുക്കി. പോലീസ് ഈ ഫോൺകോൾ ട്രാക്ക് ചെയ്തു. ചന്ദ്രുവിന്റെ ഉപയോഗിക്കാത്ത ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും കാസർഗോഡ് പോലീസിന് ഫോട്ടോ ലഭിച്ചിരുന്നു. ഈ ഫോട്ടോ തീർഥഹള്ളിയിൽ ചന്ദ്രുവിനൊപ്പം ജോലി ചെയ്യുന്നവർ തിരിച്ചറിയുകയും ചന്ദ്രുവിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയുമായിരുന്നു.
തയാറാക്കിയത്: ഷൈബിൻ ജോസഫ്