അഗർത്തല: ത്രിപുര ഗവൺമെന്റ് കോളജിന് മുന്നിൽ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തിന്റെ പേരിൽ വിവാദം. കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിന് മുന്നിൽ വസന്ത പൗർണമി ദിനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച വിഗ്രഹമാണ് വിവാദങ്ങൾക്ക് കാരണമായത്.
കാംപസിൽ പരമ്പരാഗത സാരി ധരിക്കാതെയാണ് വിഗ്രഹം എത്തിച്ചതെന്ന് ആരോപിച്ച് ബിജെപി വിദ്യാർഥി സംഘടനയായ എബിവിപി പ്രവർത്തകർ പൂജ തടഞ്ഞു.
ഭാരതീയ സംസ്കാരത്തെയും മതവികാരത്തെയും വിഗ്രഹം വ്രണപ്പെടുത്തുന്നതാണെന്നും പൂജ നടത്താൻ അനുവദിക്കില്ലെന്നും ആരോപിച്ചാണ് പ്രവർത്തകർ രംഗത്തെത്തിയത്.
തുടർന്ന് പ്രതിഷേധത്തിന്റെ ഭാഗമായി സരസ്വതി വിഗ്രഹത്തെ സാരി പുതപ്പിക്കുകയും ചെയ്തു. സരസ്വതി ദേവിയുടെ അശ്ലീല വിഗ്രഹം പ്രദർശിപ്പിച്ച് ദേവിയെ വികലമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും, ഇതിനെതിരെ ശക്തമായി പോരാടുമെന്നും എബിവിപി ജോയിന്റ് സെക്രട്ടറി ദിബാകർ ആചാരി പ്രതികരിച്ചു.
അതേസമയം, അശ്ലീലമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും മതവികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല ഇത് ചെയ്തതെന്നുമാണ് സംഭവത്തിൽ കോളജ് അധികൃതർ നൽകുന്ന വിശദീകരണം.