നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനാട് പുനപുക്കുന്ന് വാഴവിള തടത്തരികത്ത് വീട്ടിൽ ശശിയുടെ മകൻ ശരത് (17), കുടപ്പനമൂട് മുക്കോല പേരാവൂർ പുതുവൽ വീട്ടിൽ ശോഭയുടെ മകൾ ശരണ്യ (16) എന്നിവരെയാണ് ആനാട് വാഴവിളയിലെ ശരത്തിന്റെ മുത്തശിയുടെ വീട്ടിൽ ഇന്നലെ ഉച്ചയോടെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവമറിഞ്ഞെത്തിയ അയൽവാസികൾ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്ലസ് വണ്‍ വിദ്യാർഥിനിയായ ശരണ്യയും പെയിന്റിംഗ് തൊഴിലാളിയായ ശരത്തും പ്രണയത്തിലായിരുന്നു. ശരത്തിന്റെ മാതാവ് ഗൾഫിലാണ്. പിതാവ് മറ്റൊരു വിവാഹം കഴിച്ച് ശരണ്യയുടെ വീടിനടുത്താണ് താമസിച്ചുവരുന്നത്. ശരത് അവിടെ വച്ചാണ് ശരണ്യയുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും
ഇന്നലെ ശരത്തിന്റെ മാതാവിന്റെ വാഴവിളയിലെ വീടിനടുത്തുള്ള മുത്തശിയുടെ വീട്ടിൽ ഇരുവരുമെത്തി. ഒരു പ്ലാസ്റ്റിക് കയറിൽ ഫാനിന്റെ ഇരുവശങ്ങളിലുമായി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും മരണക്കുറിപ്പൊന്നും ലഭിച്ചില്ലെന്നും പോലീസ് അറിയിച്ചു.