ബംഗളൂരു: ഓട്ടോ മൊബൈൽ എൻജിനിയറിംഗ് വിദ്യാർഥിയായ ശരത്തിന് ബൈക്കുകളോടായിരുന്നു പ്രണയം. ഇതായിരുന്നു ആ ഇരുപതുകാരനായ കൊലപാതകി ചൂഷണം ചെയ്തതും. കഴിഞ്ഞ സെപ്റ്റംബർ 12ന് വൈകുന്നേരമാണ് ശരത്ത് വീട്ടിൽ നിന്നും പുറത്ത് പോയത്. വിശാൽ എന്ന സുഹൃത്താണ് ആ സന്തോഷ വാർത്ത പറഞ്ഞ് ശരത്തിനെ പുറത്തെത്തിച്ചത്.
പുതിയ ഇറ്റാലിയൻ ബെന്നെലി ബൈക്ക് ഒരു സുഹൃത്ത് വാങ്ങിയിട്ടുണ്ടെന്നും കാണാൻ പോരുന്നോ എന്നുമായിരുന്നു വിശാൽ ചോദിച്ചത്. മറ്റൊന്നും ചിന്തിക്കാൻ ശരത്തിന് മനസുണ്ടായിരുന്നില്ല. കാരണം ബൈക്കുകളോട് അത്രയേറെ ഇഷ്ടമായിരുന്നു ശരത്തിന്. എന്നാൽ ആ യാത്രയിൽ പതിഞ്ഞിരിക്കുന്ന ചതി ശരത്തിന്റെ ജീവനെടുക്കുകയായിരുന്നു. പണത്തിനായി ശരത്തിനെ തട്ടിയെടുക്കുകയും പിന്നീട് പിടിക്കപ്പെടുമെന്ന് മനസിലായപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു വിശാൽ.
ബംഗളൂരുവിൽനിന്ന് കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോയ മലയാളി എൻജിനിയറിംഗ് വിദ്യാർഥി എൻ. ശരത്തിനെ (19) ആണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ നിരഞ്ജൻകുമാറിന്റെ ഏകമകനാണ് ശരത്ത്.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും ശരത്തിന്റെ സഹോദരിയുടെ സഹപാഠിയുമായ എച്ച്.പി.വിശാൽ(20) ഉൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ വിനയ് പ്രസാദ്(24), ബിദാദി വ്യവസായമേഖലയിലെ ഒരു ഫാക്ടറിയിൽ ജോലിക്കാരനായ കരണ് പൈ(22), വിനോദ്കുമാർ(24) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ടാക്സി ഡ്രൈവറായ ശാന്തകുമാറിനെ ഇനി പിടികിട്ടാനുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ നടന്നുവരികയാണെന്നും ബംഗളൂരു നോർത്ത് സബ്ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചേതൻസിംഗ് അറിയിച്ചു.
ബൈക്കുകളോടുള്ള ശരത്തിന്റെ താത്പര്യം അറിയാവുന്ന വിശാൽ തന്റെ സുഹൃത്ത് വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ബൈക്ക് കാണിക്കാമെന്നു പറഞ്ഞ് 12ന് വൈകുന്നേരം കെങ്കേരിയിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് ശരത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. കെങ്കേരിയിൽ എത്തിയപ്പോൾ വിനയ് പ്രസാദിന്റെ സ്വിഫ്റ്റ് ഡിസയർ കാറിൽ ശരത്തിനെ നിർബന്ധിച്ചു കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ, ശരത്തിന്റെ സഹോദരിയെ ഫോണിൽ വിളിച്ച വിശാൽ ഒന്നുമറിയാത്തതുപോലെ വിവരം തെരക്കുകയും ശരത്തിനെ ആരോ തട്ടിക്കൊണ്ടുപോയെന്നും പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സഹോദരി മറുപടി നൽകുകയും ചെയ്തു. ഇതോടെ, ശരത്തിനെ വിട്ടയച്ചാൽ താൻ പിടിക്കപ്പെടുമെന്ന് മനസിലാക്കിയ വിശാൽ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ ദിവസം അർധരാത്രി 12 ഓടെയാണ് സംഘം ശരത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചശേഷം സംഘം അന്നുതന്നെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. തൊട്ടടുത്ത ദിവസം പോലീസ് അന്വേഷണത്തെക്കുറിച്ച് മനസിലാക്കുന്നതിന് വിശാൽ ശരത്തിന്റെ വീട്ടിലെത്തുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. രണ്ടുദിവസത്തിനുശേഷം സംഘം തടാകത്തിൽ പോയി നോക്കിയപ്പോൾ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കാണുകയും തുടർന്ന് കരയ്ക്കു കയറ്റി ചാക്കിലാക്കിയശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി തൊട്ടടുത്ത കരിങ്കൽ ക്വാറിക്കു സമീപം മറവ് ചെയ്യുകയുമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ശരത്തിന്റെ നിരവധി സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. ഇവരിൽ വിശാലുമുണ്ടായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ വിശാൽ കുറ്റം സമ്മതിക്കുകയായിരുന്നു. കാറിൽ യാത്രചെയ്യവെ പിന്നിൽനിന്ന് കയറുകൊണ്ട് കഴുത്തുഞെരിച്ചാണ് ശരത്തിനെ സംഘം കൊലപ്പെടുത്തിയത്.അറസ്റ്റിലായ പ്രതികളുമായി നടത്തിയ പരിശോധനയിൽ ഇന്നലെ രാവിലെ അഞ്ജനഹള്ളിയിലെ കരിങ്കൽ ക്വാറിക്കു സമീപത്തുനിന്ന് അഴുകിയനിലയിലുള്ള മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
കാറിൽവച്ച് കൊലപ്പെടുത്തിയശേഷം നഗരത്തിൽനിന്നും 25 കിലോമീറ്റർ അകലെയുള്ള റാമോഹള്ളി തടാകത്തിനു സമീപത്ത് കൈകാലുകൾ ബന്ധിച്ചശേഷം മൃതദേഹം മറവ് ചെയ്യുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.രണ്ടുദിവസത്തിനുശേഷം മൃതദേഹം പൊങ്ങിവന്നതോടെ ഇത് ചാക്കിലാക്കി തൊട്ടടുത്ത കരിങ്കൽ ക്വാറിക്കു സമീപം മറവ് ചെയ്തു. പണത്തിനുവേണ്ടിയാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയതെന്നും എന്നാൽ, സംഭവം പോലീസിൽ അറിയിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.