ബംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.
ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ എന്‍. ശരത് (19) ആണ് കൊല്ലപ്പെട്ടത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കു വാട്ട്‌സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. ശരത്തിന്റെ സുഹൃത്തായ വിശാല്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ശരത്തിനെ കൊലപ്പെടുത്തിയ സ്ഥലം ഇവര്‍ പൊലീസിന് കാണിച്ച് കൊടുത്തതായാണ് വിവരം. ഓഗസ്റ്റ് 12ന് വൈകുന്നേരമാണു ശരത്തിനെ കാണാതായത്. കൂടെ സുഹൃത്തായ വിശാലും ഉണ്ടായിരുന്നു. ഇയാള്‍ അടക്കമുളളവരാണ് ശരതിനെ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. വിശാലും കൂട്ടാളികളും ചേര്‍ന്ന് കയര്‍ കഴുത്തില്‍ കുരുക്കിയാണ് ശരതിനെ കൊലപ്പെടുത്തിയത്.
മോചനദ്രവ്യമായി 50 ലക്ഷം നല്‍കണമെന്നും ഇല്ലെങ്കില്‍ ഇവര്‍ ലക്ഷ്യമിടുന്നതു ശരത്തിന്റെ സഹോദരിയെ ആണെന്നും പൊലീസില്‍ അറിയിക്കരുതെന്നുമായിരുന്നു പ്രതികള്‍ നേരത്തേ വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. ശരത്തിന്റെ മൊബൈല്‍ ഉപയോഗിച്ച് സഹോദരിയുടെ വാട്‌സ്ആപ്പ് നമ്പരിലേക്കാണ് സന്ദേശം കൈമാറിയത്.
പിതാവിന്റെ പ്രവര്‍ത്തിമൂലം ദുരിതമനുഭവിച്ചവരാണു തന്നെ തട്ടിയെടുത്തതെന്ന് സഹോദരിയ്ക്കയച്ച വിഡിയോയില്‍ ശരത്ത് പറയുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പിന്നീട് ഇവര്‍ സഹോദരിയെ ബന്ധപ്പെട്ടില്ല. ശരത്തിന്റെ മൃതദേഹത്തില്‍ പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചത്.