‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട് ’-തൃപ്പൂണിത്തുറ പുതിയകാവ് റോഡിൽ ചൂരക്കാട് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ വാചകങ്ങളാണിത്.
ഒപ്പം സൈക്കിളുമായി നിൽക്കുന്ന ചെറുപ്പക്കാരന്റെ ചിത്രവും ഫോൺ നന്പറും.
ഒറ്റനോട്ടത്തിൽ പുതിയതായി ഇറങ്ങുന്ന ഏതോ ന്യൂ ജനറേഷൻ സിനിമയുടെ പരസ്യമാണെന്നേ തോന്നൂ.
ബോർഡിലെ ഫോൺ നമ്പറിൽ വിളിച്ചാലാണ് സിനിമാ പോസ്റ്ററല്ലെന്നും സിനിമയിൽ അഭിനയിക്കാൻ കൊതിക്കുന്ന യുവാവ് സ്ഥാപിച്ച പരസ്യബോർഡാണെന്നും വ്യക്തമാകുന്നത്.
കോട്ടയം പനച്ചിക്കാട് കുരിവിക്കാവിൽ ശരത്താണ് (26) ഏറെ സിനിമാപ്രവർത്തകരുള്ള എറണാകുളം ജില്ലയിൽ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സിനിമാ പോസ്റ്റർ മാതൃകയിൽ ബോർഡ് സ്ഥാപിച്ചത്.
ഒട്ടേറെത്തവണ സിനിമയിൽ അവസരത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ശരത്ത് ഈ അറ്റകൈ പ്രയോഗം നടത്തിയത്.
പത്താം ക്ലാസ് മുതൽ സിനിമാ ലൊക്കേഷനുകളിലും സംവിധായകരുടെയടുത്തും ചെന്ന് ശരത്ത് അവസരം ചോദിച്ചു തുടങ്ങിയതാണ്.
ഒട്ടേറെ ഓഡിഷനുകളിലും പങ്കെടുത്തു. ജൂനിയർ ആർട്ടിസ്റ്റായി കുറച്ചു സിനിമകളിൽ വേഷമിട്ടെങ്കിലും പ്രാധാന്യമുള്ള വേഷമൊന്നും കിട്ടിയില്ല.
കോട്ടയത്ത് സ്വകാര്യ ബസോടിക്കുന്ന ശരത്ത് മിച്ചംവച്ചുണ്ടാക്കിയ 25,000 രൂപയാണ് സ്വന്തം പരസ്യത്തിനായി ചെലവഴിച്ചത്.