കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടലുടമയുമായ തോട്ടുമുഖം കല്ലുങ്കല്‍ ലെയ്നില്‍ ശരത്ത് ജി. നായരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു.
ഹോട്ടല്‍ ബിസിനസിനൊപ്പം ശരത്തിന് 25 ലധികം ടൂറിസ്റ്റ് ബസ് സര്‍വീസുകളും ഉണ്ട്. ഇതില്‍ ദിലീപും ബിസിനസ് പങ്കാളിയാണെന്നാണ് അറിയുന്നത്.
ഇതേക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ മൊഴി നല്കിയ സംവിധായകന് ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച വിഐപി ശരത്താണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ശബ്ദത്തിലൂടെ ഇക്കാര്യം ഏറെക്കുറെ ബോധ്യമായെന്നു പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ അറസ്റ്റു ചെയ്യുമെന്ന് ആശങ്കയുണ്ടെന്നാണ് ഹര്ജിക്കാരന് പറയുന്നത്.
അതേസമയം വരും ദിവസങ്ങളിലും ദിലീപുമായി ബന്ധപ്പെട്ട ചിലരുടെ വീടുകളില്‍ റെയ്ഡിനു സാധ്യതയുണ്ടെന്നാണ് സൂചന.
വീടുകളില്‍ റെയ്ഡ്
കേസില്‍ നടന് ദിലീപിനൊപ്പം പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന ശരത്ത് ജി. നായരുടെ വീട്ടിലും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജിന്റെ ഫ്ളാറ്റിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.
ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡ് അഞ്ചു മണിക്കൂര്‍ നീണ്ടു. ഏതാനും ദിവസമായി ശരത്തിന്റെ വീടും പരിസരവും മഫ്തി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
റെയ്ഡില്‍ എന്തെങ്കിലും പിടിച്ചെടുത്തോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജിന്റെ കതൃക്കടവിലുള്ള ഫ്ളാറ്റിലാണ് ഇന്നലെ രാത്രിയോടെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സൂരജ് മൂന്നാം പ്രതിയാണ്.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് പേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്.
എന്നാല്‍, നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപിന്റെ വാദം.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് ബാലചന്ദ്രകുമാര്‍ നല്കിയ മൊഴി പരിശോധിക്കണം എന്നു കോടതി വ്യക്തമാക്കിയിരുന്നു.
ഹര്‍ജിയില്‍ ചൊവ്വാഴ്ച വരെ അഞ്ചു പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
വിചാരണ മാധ്യമങ്ങളിൽ വരരുതെന്ന്
കേസിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കോടതി ഉത്തരവിനു വിരുദ്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്ക്കെതിരേ നടപടി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.
മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുന്ന വിധത്തില്‍ കേസിന്റെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിചാരണക്കോടതി 2018 ജനുവരി 17ന് അന്വേഷണ ഉദ്യോഗസ്ഥനോടു നിര്‍ദേശിച്ചിരുന്നു.
വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് 2020 മാര്‍ച്ച് 19ന് ഉത്തരവും നല്കി.
ഇതു ലംഘിച്ചാണ് മാധ്യമങ്ങള്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചതെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി
കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോണ്‍ വിളികളുമായി ബന്ധപ്പെട്ട രേഖകളുടെ ഒറിജിനല്‍ വിളിച്ചുവരുത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.
നിലവിലുള്ള സാക്ഷികള്‍ക്കു പുറമേ ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍ സത്യമൂര്‍ത്തി, നിലീഷ, കണ്ണദാസന്, ഡി. സുരേഷ്, ഉഷ എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യമാണ് അനുവദിച്ചത്.
കേസിലെ പ്രതികളായ മണികണ്ഠന്, വി.പി. വിജീഷ്, ചാര്‍ളി തോമസ്, വടിവാള്‍ സലിം എന്നിവര്‍ യഥാക്രമം നിലീഷ, കണ്ണദാസന്, ഡി. സുരേഷ്, ഉഷ എന്നിവരുടെ പേരിലുള്ള മൊബൈലുകളാണ് ഉപയോഗിച്ചിരുന്നത്.
പുതിയ സാക്ഷികളുടെ വിസ്താരവും അധികത്തെളിവുകള് ഹാജരാക്കലും പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചതിനാല്‍ പത്തു ദിവസത്തിനകം പുതിയ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്നും ഉത്തരവില്‍ പറയുന്നു.