കോട്ടയം: കളത്തിപ്പടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ നല്ല മനസിൽ വൃക്കരോഗികൾക്ക് സാന്ത്വനം. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിർധനരും നിരാശ്രയരുമായ രോഗബാധിതരായ ആളുകളെ സഹായിക്കാനായി മാറ്റി വയ്ക്കുകയാണു കോട്ടയം കളത്തിപ്പടിയിലെ സാരഥി ഓട്ടോ ഡ്രൈവേഴ്സ് സൗഹൃദ സംഘം.
23 ഓട്ടോറിക്ഷാ തൊഴിലാളികളാണ് സൗഹൃദ സംഘത്തിലുള്ളത്. ഓരോ ദിവസവും ലഭിക്കുന്ന പണത്തിൽ ഒരു വിഹിതം മാറ്റിവച്ച് ഒരോരുത്തരും ഓരോ ഡയാലിസിസ് കിറ്റാണു വാങ്ങിയിരിക്കുന്നത്. തങ്ങളുടെ ഓട്ടോയിൽ കയാറാനായി എത്തുന്ന നല്ല മനസുള്ള ആളുകളിൽനിന്നു കിട്ടുന്ന തുകയും ഇവർ സ്വരൂപിക്കാറുണ്ട്.
സാരഥി സൗഹൃദ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വൃക്ക രോഗികൾക്കു ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ കിറ്റിന്റെ വിതരണം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു ആനത്താനം എസ്എച്ച് ജനറലേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നവജീവൻ ട്രസ്റ്റി പി.യു. തോമസ് നിർവഹിക്കും.
രക്ഷാധികാരി സിസ്റ്റർ ക്രിസ്റ്റി മരിയ, പ്രസിഡന്റ് മാത്യു ചെറിയാൻ, സെക്രട്ടറി ബേബി ആന്റണി, ട്രഷറർ പോൾ കെ. ബേബി, സാരഥി ഡയറക്്ടർ ഫാ. സെബാസ്റ്റ്യൻ തേക്കാനത്ത്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയിൽ, റോയി ജോണ് ഇടയത്തറ, വിനോദ് പെരിഞ്ചേരി, സുജ ജോർജ്, ദീപ ജീസസ്, ഏലമ്മ ആൻഡ്രൂസ്, രജനി സന്തോഷ്, എൻ. സോമൻകുട്ടി, ബിജു എം. കുര്യൻ, കിഷോർ തൊട്ടിപറന്പിൽ, വി.പി. സണ്ണി വട്ടവേലി എന്നിവർ പ്രസംഗിക്കും.
ആനത്താനം എസ്എച്ച് ജനറേറ്റിലെ സിസ്റ്റർ ക്രിസ്റ്റി മരിയ, രക്ഷാധികാരിയായും മാത്യു ചെറിയാൻ പ്രസിഡന്റായും ബേബി ആന്റണി സെക്രട്ടറിയായും പോൾ കെ. ബേബി ട്രഷററായുമുള്ള സമിതിയാണ് സൗഹൃദ സംഘത്തിനു നേതൃത്വ നൽകുന്നത്.