സീമ മോഹൻലാൽ
കൊച്ചി: ശരത് മോഹൻ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. എങ്കിലും പത്തുവർഷത്തിനിടെ ശരത്തിന്റെ രചനയിലും സംഗീതത്തിലും ഗാനാലാപനത്തിലുമായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങിയത് 500ലധികം ഗാനങ്ങൾ. ഫിഫ വേൾഡ് കപ്പിലും ഐപിഎലിലുമൊക്കെ കവർ സോംഗ് ഒരുക്കിയാണ് യുവാവ് തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്.
ശ്രീലങ്കൻ എയർവേയ്സ് ഉദ്യോഗസ്ഥനായിരുന്ന ശരത് 2009ൽ ജോലി രാജിവച്ച് ഏറ്റുമാനൂരിലെ വീട്ടിലേക്കു മടങ്ങുന്പോൾ ട്രെയിനിൽവച്ചാണ് ആദ്യഗാനം ചിട്ടിപ്പെടുത്തിയത്.
അതൊരു പ്രണയഗാനം ആയിരുന്നു. വരികൾ ചിട്ടപ്പെടുത്തി ട്യൂണ്‍ ചെയ്തു പാടിയ ആ ഗാനത്തിന് സുഹൃത്തുക്കളുടെ ഇടയിൽനിന്നു വളരെയധികം പ്രശംസ ലഭിച്ചു.
2010ൽ എറണാകുളം കേന്ദ്രമാക്കി മിറക്കിൾ എന്ന സ്ഥാപനം തുടങ്ങി. പാട്ട് എഴുതാനും പാടാനും സംഗീതമൊരുക്കാനുമൊക്കെ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ശരത്തിന്റെ സംഗീത സംവിധാനത്തിൽ ഒന്‍പതു ഹിന്ദു ഭക്തിഗാനങ്ങളുടെയും രണ്ടു ക്രൈസ്തവ ഭക്തിഗാനങ്ങളുടെയും ഏഴു പ്രണയഗാനങ്ങളുടെയും സിഡി സംഗീതാസ്വാദകരുടെ മുന്നിലെത്തി.
200 ആൽബങ്ങൾക്കു രചനയും സംഗീതസംവിധാനവും ശരത് ഒരുക്കി. കേരള പോലീസിനുവേണ്ടി 15 ഗാനങ്ങൾ ഒരുക്കി. പാഥേയം എന്ന പേരിൽ പോലീസിനായി തയാറാക്കിയ പുതിയ വീഡിയോയുടെ പ്രകാശനം അടുത്ത ദിവസം നടക്കും.
ലോക്ക് ഡൗണ്‍ കാലത്ത് തെരുവിൽ അലയുന്നവർക്കു കേരള പോലീസ് 75 ദിവസം ഭക്ഷണം നൽകിയതാണ് അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കുവേണ്ടി സ്വച്ഛ് ഭാരത് അഭിയാൻ സോംഗ്, ലോക യോഗ ദിനത്തിലൊരുക്കിയ സംഗീത ആൽബം, കേരള ബ്ലാസ്റ്റേഴ്സ് തീം സോംഗ്, ഐപിഎൽ കവർ സോംഗ്, കൊച്ചി ബിനാലെ എമർജിംഗ് സോംഗ്, ഫിഫ വേൾഡ് കപ്പ് കവർ സോംഗ് എന്നിവ ശരത്തിനെ പ്രശസ്തിയിലേക്ക് ഉയർത്തി. ഫിഫയ്ക്കും ബ്ലാസ്റ്റേഴ്സിനുംവേണ്ടി ശരത് തന്നെയാണ് പാടിയത്.
ഷിനോദ് സഹദേവന്റെ ടൊവിനോ ചിത്രത്തിലും ജസ്പാൽ ഷണ്മുഖന്റെ ചിത്രത്തിലും സംഗീതസംവിധാനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ശരത് മോഹൻ.