മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ ത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
എണ്‍പത്തിമൂന്നുകാരനായ പവാറിന്റെ വസതിയിലും രാജ്യത്തുടനീളമുള്ള യാത്രയിലും സുരക്ഷയുണ്ടാകും. അറുപതിലധികം ഉദ്യോഗസ്ഥരാകും സുരക്ഷയ്ക്ക് ഉണ്ടാകുക. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ തന്റെ സുരക്ഷ പിൻവലിക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശരദ് പവാറിന്റെ സുരക്ഷ വർധിപ്പിച്ചതെന്നത് ശ്രദ്ധേയമായി.
താനെ ജില്ലയിലെ ബദ്ലാപുരിലെ സ്കൂളിൽ ശുചീകരണത്തൊഴിലാളി നാലുവയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് സുപ്രിയ സുലെ തന്റെ സുരക്ഷ പിൻവലിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. ജനപ്രതിനിധികൾക്കും മുൻ ജനപ്രതിനിധികൾക്കും സുരക്ഷ നൽകുന്നതിനു പോലീസ് സേനയുടെ ഒരു പ്രധാന ഭാഗം ഉപയോഗിക്കുന്നത് അനുചിതമായതിനാലാണ് ഈ ആവശ്യമെന്നാണ് സുപ്രിയ വിശദീകരിച്ചത്.