അരൂർ: ഒന്നിച്ചു മരിക്കാൻ വേണ്ടി ഭർത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചു. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ ചാത്തനാട്ട് ശരവണൻ (63) ആണ് മരിച്ചത്. അത്യാസന്ന നിലയിലായിരുന്ന ഭാര്യ വള്ളിയെ (57) തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഭാര്യ അപകടനില തരണം ചെയ്തു.
തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായിരുന്ന ഗൃഹനാഥൻ പല സ്ഥലങ്ങളിൽ നിന്നായി വായ്പ എടുത്തിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് വന്നതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ശരവണൻ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
തിങ്കളാഴ്ച്ച രാത്രി ഇരുവരും ഒന്നിച്ച് വീടിനോട് ചേർന്ന ചാർത്തിൽ ഉറങ്ങാൻ കിടന്നു. ഈ സമയം ഭർത്താവ് ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞെങ്കിലും ഭാര്യ എതിർത്തു.
താൻ മരിച്ചാൽ സാമ്പത്തിക ബാധ്യത ചുമലിലാകുമെന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞതോടെ ഇരുവരും ഒന്നിച്ചു മരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈഞരമ്പ് മുറിച്ചശേഷം ഇവരുടെ കഴുത്തിൽ ഇയാൾ ഞെക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ ഭാര്യ അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് കൈഞരമ്പ് മുറിച്ചു തൂങ്ങി മരിക്കുകയായിരുന്നു.
പിന്നീട് ഭാര്യയ്ക്ക് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് ഭർത്താവിന്റെ മൃതദേഹം കാണുന്നത്. തുടർന്ന് ഇവർ ഒച്ചവച്ച് പരിസരവാസികളെ വിളിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയെ പ്രാഥമിക ശിശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധർ പരിശോധന നടത്തി. ദമ്പതികൾക്ക് രണ്ടു പെൺമക്കളുണ്ട്.