കൊച്ചി: വില കുതിച്ചുയർന്നതോടെ മലയാളിയുടെ അടുക്കളയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട മത്തി മടങ്ങിയെത്തുന്നു. കേരളതീരത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടില്‍നിന്നുള്ള മത്തിയുടെ വരവ് വിലക്കുറവിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം ഇക്കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു. ഇപ്പോള്‍ അവിടെ മത്തി സുലഭമാണ്. കേരളത്തിലെ പ്രതിസന്ധി കണക്കിലെടുത്ത് തമിഴ്നാട്ടില്‍നിന്ന് മത്തി എത്തിക്കാനാണു സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുടെ ശ്രമം. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ മത്തിക്ക് 400 രൂപ വരെയെത്തിയിരുന്നു.
കടലില്‍ ചൂട് കൂടിയതിനാല്‍ ഇത്തവണ മത്സ്യലഭ്യത കുറവായിരുന്നു. ഇതിനൊപ്പം ട്രോളിംഗ് നിരോധനംകൂടി വന്നതോടെ ഹാര്‍ബറുകളിലേക്കുള്ള മത്തിയുടെ വരവ് നിലച്ചു. ഏപ്രിലില്‍ തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോള്‍ അവിടെനിന്നുള്ള വരവും നാമമാത്രമായി. ഇതൊക്കെയാണ് മത്തി വില ഉയരങ്ങളിലേക്കു പോകാന്‍ കാരണമായി കച്ചവടക്കാര്‍ പറയുന്നത്.
കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്തിയെയാണ്. 27 ഡിഗ്രി സെല്‍ഷസ് ചൂടിൽ മാത്രമേ മത്തിക്ക് ജീവിക്കാന്‍ സാധിക്കൂ.
ഇത്തവണ 32 ഡിഗ്രി വരെ കടലിലെ ചൂട് ഉയര്‍ന്നിരുന്നു. ഇത് മത്തി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ക്ക് ദോഷം ചെയ്തു. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങള്‍ കേരളതീരത്ത് മത്തിലഭ്യത സാധാരണ കുറവാണ്. ഇത്തവണ ലഭ്യതയില്‍ വലിയ കുറവുണ്ടായെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.
എന്നിട്ടും പിടിച്ചുനിന്നത് തമിഴ്നാട്ടില്‍നിന്നു മത്തി എത്തിയതിനാലാണ്. അവിടെ ട്രോളിംഗ് നിരോധനം വന്നതോടെ മത്തിവരവും കുറഞ്ഞു. ഇതോടെ കേരളത്തില്‍ മത്തിയുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും വില ഉയരുകയും ചെയ്തു. ട്രോളിംഗ് നിരോധനം പിന്‍വലിച്ചതിനാല്‍ കടലൂര്‍, നാഗപട്ടണം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ മത്സ്യബന്ധനം പുനരാരംഭിച്ചിട്ടുണ്ട്.
മത്തിലഭ്യത കുറഞ്ഞു
ഓരോ വര്‍ഷം കഴിയുംതോറും സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറയുകയാണ്. 2012ല്‍ 3.99 ലക്ഷം ടണ്‍ മത്തി ലഭിച്ചിരുന്നിടത്ത് 2022ല്‍ അത് 1.10 ലക്ഷം ടണ്ണായി കുറഞ്ഞു.
2024 ല്‍ പുറത്തുവന്ന കണക്കനുസരിച്ച് മത്തിയുടെ ലഭ്യത 3297 ടണ്‍ മാത്രമാണ്. പുറത്തുനിന്നുള്ള മത്തിയുടെ വരവ് കൂടിയതിനാല്‍ ഈ കുറവ് പ്രകടമായില്ല. കേരളതീരത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പവും കുറഞ്ഞുവരികയാണ്.