ഡർബൻ: ദക്ഷിണാഫ്രിക്കൻ താരം ആൻഡിലെ ഫെലുക്വാക്കു നേരെ വംശീയാധിക്ഷേപം നടത്തിയ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിന് നാല് മത്സരങ്ങളിൽ വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് (ഐസിസി) സർഫ്രാസിനെ നാല് മത്സരങ്ങളിൽനിന്ന് വിലക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ട്വന്റി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും സർഫ്രാസിന് നഷ്ടമാകും.
ഞായറാഴ്ച ആരംഭിച്ച ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ സർഫ്രാസ് ഉൾപ്പെട്ടിട്ടില്ല. സർഫ്രാസിനു പകരം വെറ്ററൻ താരം ഷൊയബ് മാലിക്കാണ് ടീമിനെ നയിക്കുന്നത്.
സംഭവത്തിൽ നേരത്തെ സർഫ്രാസ് മാപ്പ് പറഞ്ഞിരുന്നു. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമർശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്നും സർഫ്രാസ് ട്വിറ്ററിൽ എഴുതി. താൻ ഏവരെയും ബഹുമാനത്തോടെയാണ് സമീപിക്കുന്നതെന്നും ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ സർഫ്രാസിനോട് ക്ഷമിക്കുന്നതായി ദക്ഷിണാഫ്രിക്കൻ നായകൻ ഫഫ് ഡുപ്ലസിസും അറിയിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറഞ്ഞതിനാൽ തങ്ങ ൾക്കു പരാതിയില്ലെന്നും വിഷയം എങ്ങനെ പരിഹരിക്കണം എന്നത് ഐസിസിയുടെ പരിഗണനയിലാണെന്നും ഡുപ്ലസിസ് പറഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ആൻഡിലെ ഫെലുക്വായുടെ അമ്മയെയും, താരത്തിന്റെ നിറത്തിന്റെ പേരിലും സർഫ്രാസ് പരിഹസിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. സർഫ്രാസിന്റെ വാക്കുകൾ സ്റ്റംപ് മൈക്കിൽ വ്യക്തമായി പതിഞ്ഞു.