കൊല്ലങ്കോട്: പന്നിക്കൂട്ടം വയലുകളിലിറങ്ങി വിളഞ്ഞ നെൽച്ചെടികൾ നശിപ്പിക്കുന്നതിനു പരിഹാരമായി വയലുകളിൽ സാരി ചുറ്റുന്നത് കൗതുക കാഴ്ചയാവുന്നു. വിവിധ വർണ്ണങ്ങളിലുള്ള സാരികളാണ് വയലുകൾക്കും ചുറ്റും മറച്ചിരിക്കുന്നത്. രാത്രിയിൽ ഇത്തരത്തിലുള്ള നിറങ്ങൾ കണ്ടാൽ പന്നിക്കൂട്ടം ഭയന്നു തിരിച്ചു പോവുമെന്നാണ് കർഷകരുടെ വിശ്വാസം.
എന്നാൽ വിളകൾക്കു പുറമേ മറച്ച സാരി കൂടി നശിപ്പിച്ചിട്ടാണ് പന്നിക്കൂട്ടം പോകുന്നത് എന്നതാണ് വസ്തുത. കൊയ്ത്തിനു ദിവസങ്ങൾ മാത്രം വേണ്ടിവരുന്ന വയലുകളിലാണ് പന്നിക്കൂട്ടം കൃഷി നാശം വരുത്തുന്നത്. പന്നികളെ തുരത്താൻ വനപാലകർക്ക് സർക്കാർ അനുമതി ഉണ്ടെങ്കിലും ഇതുവരേയും അതു നടപ്പിലാക്കിയിട്ടുമില്ല. മുൻപു് വയലുകളിൽ വന്യമൃഗആക്രമണം തടയാൻ കർഷകർ കാവൽക്കാരെ നിയോഗിച്ചിരുന്നു.
രാത്രിയിൽ നെൽക്കതിർ മോഷണവും ഇത്തരം കാവൽക്കാർ ഫലപ്രദമായി തടഞ്ഞിരുന്നു. ഇത്തരം കാവൽക്കാർക്ക് കർഷകർ പ്രതിഫലവും നൽകിയിരുന്നു. രാത്രി സമയങ്ങളിൽ കാവൽക്കാർ വീര്യം കുറഞ്ഞ പടക്കങ്ങൾ പൊട്ടിച്ചാണ് പന്നികളെ തുരത്തിയിരുന്നത്. എന്നാൽ ഇത്തരത്തിലും പന്നികളെ വിരട്ടാൻ കഴിയാതായതോടെ വയലുകളിൽ, കാവൽക്കാരെ ലഭിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട് .