ഹൈദരാബാദ്: പത്തു രൂപയ്ക്കു വിറ്റഴിച്ച സാരി വാങ്ങുന്നതിനുള്ള സ്ത്രീകളുടെ തിരക്ക് വൻ ദുരന്തത്തിനരികെ എത്തിച്ചു. ഹൈദരാബാദ് സിദ്ധിപ്പേട്ടിലെ ഷോപ്പിംഗ് മാളിലാണു സംഭവം.
സിഎംആർ ഷോപ്പിംഗ് മാളിലാണ് പത്തു രൂപയ്ക്കു സാരിവിറ്റഴിച്ചത്. വിവരമറിഞ്ഞ് സാരി വാങ്ങുന്നതിനായി സ്ത്രീകളും പെണ്‍കുട്ടികളും വൻ തോതിൽ മാളിലേക്ക് എത്തി. സാരി തെരഞ്ഞെടുക്കാൻ എത്തിയവർ തിരക്കുകൂട്ടിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഷോപ്പ് ഉടമകൾക്കു കഴിയാതായി. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്.
തിക്കിലുംതിരക്കിലും നിരവധി പേർക്കു പരിക്കേറ്റതായാണു റിപ്പോർട്ട്. തിരക്കിൽ തന്റെ 6000 രൂപയും അഞ്ചു പവന്റെ സ്വർണമാലയും എടിഎം കാർഡും നഷ്ടപ്പെട്ടെന്ന് സാരി വാങ്ങാൻ എത്തിയ സ്ത്രീകളിൽ ഒരാൾ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.