സരികയെ സഹായിക്കാൻ ബോളിവുഡിലെ പെർഫെക്ട് മാൻ ആമിർഖാൻ രംഗത്തെത്തി. കമലഹാസന്റെ മുൻ ഭാര്യയും സിനിമാതാരങ്ങളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവരുടെ അമ്മയുമാണ് സരിക. 2004ൽ കമലഹാസനുമായി പിരിഞ്ഞശേഷം മുംബൈയിൽ അമ്മ കമൽ ധാക്കൂറിനോടൊപ്പമാണ് സരിക താമസിച്ചുവന്നത്. കഴിഞ്ഞമാസം കമൽ ധാക്കൂർ മരിച്ചു.
അമ്മയുടെ വിൽപ്പത്രത്തിൽ മുംബൈയിലെ ജുഹുവിലെ ഫ്ളാറ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളെല്ലാം കുടുംബസുഹൃത്തായ ഡോ. വിക്രം ധാക്കൂറിന് എഴുതിവച്ചിരിക്കുകയാണ്. ഇതോടെ സരിക ശരിക്കും പ്രതിസന്ധിയിലായി. തന്റെ സന്പാദ്യം കൊണ്ടാണ് അമ്മ ഏറ്റവും ആഡംബര ഏരിയ ആയ ജുഹുവിൽ ഫ്ളാറ്റ് വാങ്ങിയതെന്നാണ് സരിക പറയുന്നത്.
വിൽപ്പത്രം നിയമപരമായി നിലനിൽക്കുന്നതിനാൽ സരിക ഫ്ളാറ്റിൽനിന്ന് ഇറങ്ങേണ്ട അവസ്ഥയിലാണ്. താമസിക്കാൻ സ്വന്തമായി ഇടമില്ല. ഇ ൗ സാഹചര്യത്തിലാണ് ആമിർഖാൻ സരികയെ സഹായിക്കാൻ രംഗത്തുവന്നിരിക്കുന്നത്. മുംബൈയിൽതന്നെ ഒരു വാടക ഫ്ളാറ്റ് സരികയ്ക്കു താമസിക്കാൻ ആമിർ ഏർപ്പാടാക്കി നൽകിയിരിക്കുകയാണ്. ആമിറിന്റെ ഇളയ സഹോദരിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സരിക. ഇവരുടെ മകളായ ശ്രുതി ഹാസന് മുംബൈയിൽ സ്വന്തം വീടുണ്ട്. ഇളയമകൾ അക്ഷര ചെന്നൈയിൽ കമലഹാസനൊപ്പമാണ് താമസം.