ശബരിമല: ഭക്ഷ്യവിഷബാധയേറ്റ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേരെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര സ്വദേശി അനുരാഗ് (10), ആലത്തൂർ സ്വദേശി അനന്ദു (12), തമിഴ്നാട് സ്വദേശി പുണ്യമൂർത്തി (57) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ വൈകുന്നേരം പന്പാ മണൽപുറത്തെ ഹോട്ടലിൽനിന്നും ഇഡ്ഡലിയും ചട്നിയും സാന്പാറും കഴിച്ചശേഷം മലകയറുന്പോഴാണു കുട്ടികളിൽ രോഗലക്ഷണം പ്രകടമായത്.
തുടർന്നു ഛർദ്ദിച്ച് അവശതയിലായ ഇവരെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾ അപകടനില തരണംചെയ്തതായും ഇന്നുച്ചയോടുകൂടി ആശുപത്രിയിൽനിന്നും പോകാമെന്നും മെഡിക്കൽ നോഡൽ ഓഫീസർ ഡോ. സുരേഷ് ബാബു പറഞ്ഞു.
വിഷബാധയേറ്റ സംഭവം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നോഡൽ ഓഫീസർ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞു വടകരസ്വദേശികളായ അനുഷ്ട (ഏഴ്), സാൻവിയ (ഏഴ്), ഗൗതം (11) എന്നീ കുട്ടികൾക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നുവെന്നും എന്നാൽ ഇതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇവരും പന്പയിലെ ഹോട്ടലിൽനിന്നും ഇഡ്ഡലിയും മറ്റും കഴിച്ചതിനു ശേഷം ദേഹാസ്വസ്ഥത ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
പന്പയിലെ ഹോട്ടലുകളിൽ ശക്തമായ പരിശോധനകൾ നടത്തണമെന്നും ദേവസ്വം അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളുപയോഗിച്ചാണു പല ഹോട്ടലുകളിലും ആഹാരസാധനങ്ങൾ ഉണ്ടാക്കുന്നതെന്നു ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ തിരക്ക് അധികമാവുന്നതിനാൽ ഹോട്ടലുകളിലും മറ്റും പരിശോധന നടത്തി പഴകിയ സാധനങ്ങളും ഗുണനിലവാരം കുറഞ്ഞവയും പിടിച്ചെടുക്കാൻ കർശന നിർദേശം നൽകണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.