തൃശൂർ: ചെസിൽ 2600 എലോ റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റിക്കാർഡ് ഇനി തൃശൂർ സ്വദേശി നിഹാൽ സരിനു സ്വന്തം. സ്വീഡനിലെ മൽമോയിൽ ശനിയാഴ്ച ആരംഭിച്ച സീഗ്മാൻ ആൻഡ് കോ ചെസ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടു സമനിലകൾ നേടിയതോടെയാണു പതിനാലുകാരനായ നിഹാൽ അപൂർവ നേട്ടം കൈവരിച്ചത്.
യൂറോപ്യൻ ചാമ്പ്യൻ ഇവാൻ സരിച്ച്, ജർമനിയുടെ നിസിപ്പേനു എന്നിവരെയാണ് നിഹാൽ സമനിലയിൽ തളച്ചത്. നേട്ടത്തിനു രണ്ടു പോയിന്റ് മാത്രം അകലെയായിരുന്നു ടൂർണമെന്റ് തുടങ്ങുമ്പോൾ നിഹാൽ സരിൻ.
ലോകത്ത് ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റിക്കാർഡിനും ഇതോടെ നിഹാൽ ഉടമയായി. 14 വയസും നാലു മാസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കൈവരിച്ച ചൈനീസ് താരം വേയ് യീയുടെ പേരിലാണ് നിലവിലെ ലോക റിക്കാർഡ്. 14 വയസും പത്തു മാസവുമാണ് നിഹാലിന്റെ പ്രായം. 2600 എലോ പോയിന്റ് പിന്നിട്ട ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റിക്കാർഡ് ഇതുവരെ പരിമർജൻ നേഗിയുടെ പേരിലായിരുന്നു. 15 വയസും 11 മാസവും പ്രായമുള്ളപ്പോഴായിരുന്നു നേഗിയുടെ നേട്ടം.
ഏഴു മത്സരങ്ങളാണു ടൂർണമെന്റിൽ നിഹാലിനുള്ളത്. ഏറ്റുമുട്ടുന്നതെല്ലാം ലോകപ്രശസ്ത താരങ്ങളോടും. ടൂർണമെന്റിൽ മത്സരിക്കുന്നവരിൽ എല്ലാവരും എലോ റേറ്റിംഗ് 2600നു മുകളിലുള്ളവരാണ്. നിഹാലിന്റെ റേറ്റിംഗ് 2600 കടന്നെങ്കിലും ടൂർണമെന്റിനു ശേഷമായിരിക്കും ഫിഡെയുടെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. തൃശൂർ പൂത്തോൾ സ്വദേശികളായ ഡോ. സരിന്റെയും ഡോ. ഷിജിന്റെയും മൂത്ത മകനാണു നിഹാൽ സരിൻ.