തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്റെ പേരിൽ ഡോ. പി. സരിനെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ സരിന്റെ നീക്കങ്ങളിൽ ശ്രദ്ധിക്കാതെ പാർട്ടിക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാകാൻ അണികൾക്കു നിർദേശവുമായി കെപിസിസി.
വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും സംസ്ഥാന സർക്കാരിനെതിരായ വിവാദ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഡിസിസി മുൻകൈ എടുത്ത് പ്രചാരണം ഊർജിതമാക്കാനാണു നിർദേശം.
എല്ലായിടത്തും മൂന്നു തവണയെങ്കിലും സ്ഥാനാർഥി എത്തുന്ന നിലയിൽ പ്രചാരണം ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്ത് കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ ഇടങ്ങളിൽ കൺവെൻഷനുകളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി 23ന് വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുക. പ്രിയങ്ക ഗാന്ധി എത്തും മുൻപ് തന്നെ പ്രചാരണത്തിൽ പരമാവധി മുന്നേറാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഓരോ നിയോജകമണ്ഡലങ്ങളുടെയും ചുമതലയുള്ള എംപിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്യുകയാണ്.
അതേസമയം സരിനെ പുറത്താക്കിയതിനു പിന്നാലെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെല്ലിന്റെ ചുമതല സരിനായിരുന്നു. കോൺഗ്രസിൽനിന്ന് രാജിവച്ച അനിൽ ആന്റണിക്കു പകരമാണ് നേരത്തെ സരിൻ ഈ ചുമതല ഏറ്റെടുത്തിരുന്നത്.
കോൺഗ്രസിനെതിരേ ഇപ്പോൾ സരിൻ നടത്തുന്ന പ്രതികരണങ്ങൾക്കു വില കൊടുക്കാതെ മൂന്നു മണ്ഡലങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയെന്ന സന്ദേശം അണികളിലേക്കു നൽകി മുന്നോട്ടു പോകാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. വയനാട്ടിൽ എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്താനാണ് കോൺഗ്രസ് തീരുമാനം. ഇതിനായി പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. പാലക്കാട് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
അതേസമയം കോൺഗ്രസ് പാർട്ടി വിട്ട പി. സരിനെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി സിപിഎം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം രാവിലെ ആരംഭിച്ചു. യോഗ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഇതിനു ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.
പ്രസിഡന്റ് കെ. സുധാകരനാണ് ഇന്നലെ സരിനെ പുറത്താക്കുന്നതായി അറിയിച്ചത്. സരിൻ ഇടതുപക്ഷത്തേക്കു നീങ്ങുന്നു എന്ന കാര്യത്തിൽ നേതാക്കൾക്കു വിവരം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് സരിനെ പാർട്ടിയിൽ നിലനിർത്താൻ വലിയ രീതിയിലുള്ള നീക്കം നടത്താതിരുന്നത്.