പാലക്കാട്: ക്രോസ് വോട്ട് പരാമർശം വിവാദമായതോടെ പാലക്കാട് ഇടത് സ്ഥാനാർഥി സരിന് നിർദേശവുമായി സിപിഎം നേതൃത്വം. വിവാദ വിഷയങ്ങൾ മാധ്യമങ്ങളോടോ വോട്ടർമാരോടോ പറയേണ്ടതില്ലെന്നാണ് നിർദേശം. സരിൻ വോട്ടർമാരോട് വോട്ടഭ്യർഥന നടത്തിയാൽ മാത്രം മതിയെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസം സരിൻ നടത്തിയ ക്രോസ് വോട്ട് പരാമർശമാണ് വിവാദമായത്. 2021ൽ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്തെന്നും ഇതാണ് ഷാഫി ജയിക്കാൻ കാരണമെന്നുമായിരുന്നു സരിൻ പറഞ്ഞത്.
ആ ഇടതുപക്ഷത്തെ ഷാഫി വഞ്ചിച്ചു. ഇത്തവണ നിഷേധിക്കാൻ പോകുന്നത് 2021ൽ ഇടതുപക്ഷം ഷാഫിക്ക് അനുകൂലമായി ചെയ്ത വോട്ടാണെന്നും സരിൻ പറഞ്ഞിരുന്നു.
പരാമർശം വിവാദമായതോടെ തിരുത്തുമായി സരിൻ രംഗത്തെത്തി. എൽഡിഎഫിന് ലഭിക്കേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചുവെന്നാണ് താൻ പറഞ്ഞതെന്നായിരുന്നു പ്രതികരണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടുകൾ ലഭിക്കാൻ കാരണം ഷാഫിയുടെ കുബുദ്ധിയാണ്. എൽഡിഎഫിന്റെ വോട്ടുകൾ ഷാഫി പറന്പിലിന് ലഭിച്ചിട്ടില്ലെന്നും സരിൻ പ്രതികരിച്ചിരുന്നു.