തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു.
അസിസ്റ്റന്റ് സർജൻമാർക്ക് പുറമേ കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡക്സ് വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.
ആരോഗ്യവകുപ്പിൽ നിന്ന് ആയിരത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ മണ്ഡലകാലത്ത് നിയമിക്കും.
ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, കോവിഡ് ബ്രിഗേഡ് എന്നിവയിൽ നിന്നാണ് ജീവനക്കാരെ നിയമിക്കുന്നത്. സ്പെഷലിസ്റ്റ് ഡോക്ടർമാർ ഒരാഴ്ച റൊട്ടേഷനിലും മറ്റ് ജീവനക്കാർ 15 ദിവസം റൊട്ടേഷനിലുമാണ് സേവനമനുഷ്ഠിക്കുക.
തീർഥാടകർക്ക് നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ അത് നേരിടുന്നതിന് ആരോഗ്യവകുപ്പ് അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തും.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിക്കും.
സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷൻ തിയറ്റർ പ്രവർത്തിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിലും, എരുമേലി സിഎച്ച്സിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലും സൗകര്യങ്ങളൊരുക്കി വരുന്നു.
ശബരിമലയ്ക്ക് ഏറ്റവും അടുത്തുള്ള മെഡിക്കൽ കോളജ് എന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളജിൽ തീർഥാടകർക്ക് മികച്ച സൗകര്യമൊരുക്കും.
നിലയ്ക്കൽ -ആറ്, പമ്പ -10, ഇലവുങ്കൽ, റാന്നി പെരിനാട്, വടശേരിക്കര, പന്തളം -ഒന്ന് എന്നിങ്ങനെ 20 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.
തീർഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 48 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്.
പത്തനംതിട്ടയിൽ 21 ആശുപത്രികളും കോട്ടയത്ത് 27 ആശുപത്രികളുമാണ് എംപാനൽ ചെയ്തത്. കാസ്പ് കാർഡുള്ള തീർഥാടകർക്ക് എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കും.
കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാം. കേരളത്തിന് പുറത്ത് നിന്ന് വരുന്ന പിഎംജെഎവൈ. കാർഡുള്ളവർക്കും ഈ സേവനം ലഭ്യമാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർ അതത് ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫീസർമാരായി പ്രവർത്തിക്കും.