കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ഈ മാസം 27നു ഹാജരാകണമെന്നു നിര്‍ദേശം. സരിതയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുഴല്‍പ്പണ ഇടപാടിനായി ഉപയോഗിച്ചുവെന്ന മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു സരിതയോട് ഇന്നലെ ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സരിത അവധിക്ക് അപേക്ഷ നല്‍കി.
സരിതയുടെ അപേക്ഷയില്‍ നീണ്ട അവധി അനുവദിക്കാന്‍ സമയപരിമിതി മൂലം കഴിയാത്തതിനാല്‍ 27നു തന്നെ ഹാജരാകണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. 30ന് ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കുന്നതോടെ കമ്മീഷന്‍റെ തെളിവെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കും. അതിനുശേഷം കമ്മീഷന്‍ എന്‍ക്വയറി നിയമത്തിലെ എട്ട് ബി വകുപ്പു പ്രകാരം നോട്ടീസ് ലഭിച്ച സാക്ഷികള്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ സമയം അനുവദിക്കും. ഫെബ്രുവരി 20വരെയാണ് ഇതിനുള്ള സമയം. കമ്മീഷനില്‍ ഇതുവരെ ലഭിച്ച തെളിവുകളിന്‍മേലുള്ള വാദം 21നാരംഭിക്കും. വാദം മാര്‍ച്ച് 10വരെ തുടരും.
ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍റെ ഹര്‍ജി പരിഗണിച്ച് കമ്മീഷന്‍ അയച്ച എട്ട് ബി നോട്ടീസിന് ഇന്നലെ മുന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം മറുപടി നല്‍കി. തന്‍റെ 40 വര്‍ഷത്തെ സര്‍വീസിനിടെ ഇത്തരമാരു നോട്ടീസ് ആദ്യമാണെന്നും നോട്ടീസിലെ ആവശ്യങ്ങള്‍ അന്യായമാണെന്നുമായിരുന്നു മറുപടി.
കമ്മീഷന്‍റെ അന്വേഷണപരിധിയില്‍ വരുന്ന കാര്യങ്ങളായതിനാല്‍ എസ്‌ഐടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷിക്കണ്ടതുണ്ടെന്നു കമ്മീഷന്‍ അറിയിച്ചു. വിശദമായ മറുപടി നല്‍കാന്‍ കെ.എസ്. ബാലസുബ്രഹ്മണ്യം മൂന്നാഴ്ച ആവശ്യപ്പെട്ടെങ്കിലും 31നകം കമ്മീഷനില്‍നിന്നു രേഖകള്‍ പരിശോധിച്ച് ഫെബ്രുവരി ആദ്യവാരം തന്നെ മറുപടി നല്‍കണമെന്നും ജസ്റ്റീസ് ശിവരാജന്‍ അറിയിച്ചു.