തിരുവനന്തപുരം: ഭരിക്കുന്ന പാർട്ടിക്കാർക്ക് തന്നെ പേടിയാണെന്ന് സരിത എസ്. നായർ. ആ അവസരങ്ങൾ മുതലാക്കിയാണ് താൻ നിയമനങ്ങൾ നടത്തുന്നതെന്നും സരിത പറയുന്ന പുതിയ ശബ്ദരേഖ പുറത്തായി. നെയ്യാറ്റിൻകരയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിതയുടെ അവകാശവാദം.
പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് പാർട്ടിക്കാരാണെന്നാണ് സരിതയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ വ്യക്തമാക്കുന്നത്. പിൻവാതിൽ നിയമനം നടത്തുന്നത് പാർട്ടി ഫണ്ടിനായാണ്. പകുതി പണം പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകണം. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്നും സരിത ഫോൺസംഭാഷണത്തിൽ പറയുന്നു.
ആരോഗ്യകേരളം പദ്ധതിയിൽ പുറംവാതിലിലൂടെ നാലുപേർക്ക് ജോലി വാങ്ങി നല്കിയെന്നു സരിത അവകാശപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ഒരാൾക്ക് ഒരു ജോലി കൊടുത്താൽ ആ ജോലി ലഭിക്കുന്ന ആളുടെ വീട്ടുകാർ എല്ലാവരും പാർട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് വിശ്വാസമെന്നും സരിത ഉൾപ്പെട്ട തൊഴിൽതട്ടിപ്പു കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോണ്‍ സംഭാഷണത്തിൽ പറയുന്നു.
പിഎസ്സി എഴുതി കേറുന്നതല്ല. നമ്മൾ ക്ഷമ എടുക്കണം. മൂന്നു മാസത്തിലെ പ്രവർത്തനങ്ങൾകൊണ്ട് നാലുപേർക്ക് ആരോഗ്യകേരളം പദ്ധതിയിൽ ജോലി വാങ്ങി നല്കി. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് നിയമനം നടത്തുന്നതെന്നു സരിത ശബ്ദരേഖയിൽ പറയുന്നു.
വെബ്കോ, കെടിഡിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് സരിതയും കൂട്ടാളികളും 16 ലക്ഷത്തിലധികം രൂപ ഇടനിലക്കാർ മുഖേനെ വാങ്ങിയെന്നാണ് പരാതി. എന്നാൽ, സരിത, കൂട്ടുപ്രതികളായ രതീഷ്, ഷൈജുപാലോട് എന്നിവർക്കെതിരേ കേസ് എടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.