കൊച്ചി: കാർ യാത്രയ്ക്കിടെ കൈയേറ്റ ശ്രമം നടന്നെന്ന സരിതാ നായരുടെ പരാതിയിൽ വട്ടം കറങ്ങി പോലീസ്. കള്ളപ്പരാതിയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അധികൃതർ പറയുന്നു. പ്രദേശത്തെ ഏതാനും സിസിടിവി കാമറകൾ പരിശോധിച്ചതിൽനിന്നും ആക്രമണം സംബന്ധിച്ച യാതൊരുവിധ വിവരങ്ങളും ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്ത് കൂടുതൽ സിസിടിവി കാമറകൾ ഇല്ലാത്തതും പോലീസിന് തിരിച്ചടിയായിട്ടുണ്ട്.
രണ്ടു ബൈക്കുകളിലായെത്തിയ മൂന്നുപേരുടെ നേതൃത്വത്തിൽ കാർ ആക്രമിച്ച് അസഭ്യം പറഞ്ഞെന്നായിരുന്നു സരിത നായരുടെ പരാതി. കഴിഞ്ഞ ദിവസം രാത്രിയോടെ പാലാരിവട്ടം ചളിക്കവട്ടം ഭാഗത്തുവച്ചായിരുന്നു ആക്രമണമെന്നായിരുന്നു പരാതി.
യുപി രജിസ്റ്ററേഷനിലുള്ള ഒരു ബുള്ളറ്റിലും മറ്റൊരു ബൈക്കിലുമായെത്തിയ മൂന്നുപേർ കാർ ആക്രമിച്ച് തങ്ങൾക്കുനേരെ അസഭ്യം പറയുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ സിസിടിവി കാമറകൾ പരിശോധന വിധേയമാക്കിയശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകൂവെന്നും പോലീസ് കൂട്ടിച്ചേർത്തു.