ഒരു വശത്ത് മനുഷ്യർ കാടിനെയും കാട്ടുമൃഗങ്ങളെയും നശിപ്പിക്കുന്പോൾ മറുവശത്ത് അവയുടെ സംരക്ഷണത്തിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി മനുഷ്യരുണ്ട്. അക്കൂട്ടത്തിൽ രണ്ടുപേരാണ് പി.വി. സുബ്രഹ്മണ്യവും അദ്ദേഹത്തിന്റെ ഭാര്യ സരിതയും.
ഇരുവരും പ്രകൃതിസ്നേഹികളും യാത്ര ഇഷ്ടപ്പെടുന്നവരുമാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി ഇവർ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലുള്ള കാടുകളും വന്യജീവിസങ്കേതങ്ങളും സന്ദർശിക്കാറുണ്ട്. വന്യജീവിഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന സുബ്രഹ്മണ്യൻ ഇവിടങ്ങളിൽനിന്നൊക്കെ വന്യജീവികളുടെ നിരവധി ചിത്രങ്ങളും പകർത്തിയിരുന്നു. ഈ ചിത്രങ്ങൾ വിറ്റുകിട്ടിയ പണം ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലെ കടുവകൾക്ക് വെള്ളമെത്തിച്ചുകൊടുക്കാൻ മോട്ടോർ വാങ്ങാൻ നല്‍കിയിരിക്കുകയാണ് ഇവർ.
വേനൽക്കാലത്ത് സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകൾ വറ്റിവരളുന്നതോടെ ജലത്തിനായി കുഴൽക്കിണറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത്. ഇതു മനസിലാക്കിയാണ് സങ്കേതത്തിലേക്ക് സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോർ വാങ്ങിനല്‍കാൻ ഇവർ തീരുമാനിച്ചത്.