സരിത നായർ എന്ന സോളാർ കേസ് പ്രതിക്കു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒാഫീസിലെ ചിലരുമായുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലി ഉമ്മൻ ചാണ്ടിയെ വലിച്ചുകീറിയ സഖാക്കൾ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും.
സൈബർ സഖാക്കളടക്കം അന്നു സരിത വിവാദം കൊണ്ടാടുകയായിരുന്നു. കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവ് നേരിട്ട ഏറ്റവും ഹീനമായ സൈബർ- മാധ്യമ ആക്രമണമാണ് അന്നു ഉമ്മൻ ചാണ്ടി നേരിട്ടത്.
അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിക്കാതെ ഹീനമായ ആരോപണങ്ങളും കേസുകളും മലവെള്ളം പോലെ വന്നു. എല്ലാത്തിനും ഇന്ധനം ഇട്ടുകൊടുക്കാൻ സഖാക്കളും ഇടതുപക്ഷ ബുദ്ധികേന്ദ്രങ്ങളും മുന്നിൽനിന്നു.
ഉമ്മൻ ചാണ്ടിക്കെതിരേയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരേ പോലും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാൻ പലരും മടിച്ചില്ല. ഡിവൈഎഫ്ഐയും എസ്എഫ്ഐയും വനിതാ സംഘടനകളുമൊക്കെ തെരുവിനെ യുദ്ധക്കളമാക്കിമാറ്റി ഉമ്മൻ ചാണ്ടി സർക്കാരിനെ മുൾമുനയിലാക്കി.
പലവട്ടം രാജിവച്ചേക്കും എന്നുള്ള അഭ്യൂഹങ്ങൾ വരെ പ്രചരിച്ചു. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയുടെ കാലം ആയിരുന്നു അത്.
ഏതാണ്ട് സമാന സാഹചര്യമാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായിയും സർക്കാരും നേരിടുന്നതും നേരിടാൻ പോകുന്നതും. മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഉന്നതരുമായി സ്വപ്ന സുരേഷ് എന്ന സ്വർണക്കടത്തുകാരിക്ക് ഉള്ള ബന്ധം കത്തിപ്പിടിച്ചു തുടങ്ങിയിരിക്കുന്നു.
എന്നാൽ, ഉമ്മൻ ചാണ്ടിക്കെതിരേ ഇടതുപക്ഷം നടത്തിയ കടന്നാക്രമണത്തിന്റെ മൂർച്ചയോടെ ഒരു പോരാട്ടം നടത്താനുള്ള സന്നാഹം യുഡിഎഫിനും പ്രത്യേകിച്ചു കോൺഗ്രസിനുമുണ്ടാകുമോയെന്നു പലരും സംശയിക്കുന്നുണ്ട്.
എന്നാലും വീണുകിട്ടിയ സ്വർണക്കോടാലി പരമാവധി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് സൈബർ പോരാളികളും പാർട്ടിയും. മുതിർന്ന നേതാക്കൾത്തന്നെ ഇന്നലെ ആരോപണങ്ങളുമായി രംഗത്ത് ഇറങ്ങിയത് ഇതിന്റെ തുടക്കമാണ്.
തുടർഭരണത്തിൽ പ്രതീക്ഷയർപ്പിച്ചു മുന്നോട്ടുപോകുന്ന പിണറായി സർക്കാരിനു മുന്നിൽ സ്വർണക്കോടാലിയായി മാറിയിരിക്കുകയാണ് സ്വപ്ന സുരേഷ് എന്ന യുവതിയും അവരുടെ ഉന്നതബന്ധങ്ങളും.
ഈ രണ്ട് സംഭവങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്ന നായികമാരും തമ്മിൽ നിരവധി സമാനതകളുണ്ട് എന്നതു വെറും യാദൃശ്ചികതയാണോ എന്നറിയില്ല. എന്തായാലും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സ്വപ്നയും സരിതയുമെന്നു വ്യക്തമായിക്കഴിഞ്ഞു. ഇരു സംഭവങ്ങളും തമ്മിലുള്ള ചില സമാനതകൾ ചുവടെ:
- രണ്ടു സംഭവങ്ങളിലും നായകമാർ സാമർഥ്യമുള്ള യുവതികൾ.
- രണ്ടു പേർക്കും ആരെയും വലയിൽ വീഴ്ത്താവുന്ന വാക്ചാതുര്യം.
- സ്വപ്നയ്ക്കും സരിതയ്ക്കും ഉന്നത ബന്ധങ്ങൾ.
- രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥപ്രമുഖരുമായി ഉറ്റ ചങ്ങാത്തം.
- രണ്ടു പേരുടെയും പേരിൽ തട്ടിപ്പ് കേസുകൾ.
- അധികാരത്തിന്റെ ഇടനാഴികളിൽ സജീവ സാന്നിധ്യം.
- രണ്ടു പേരുടെയും വിവാഹജീവിതത്തിൽ താളപ്പിഴകൾ
- വിവാദമാകുന്നതുവരെ മാധ്യമശ്രദ്ധയിൽപ്പെടാതെ ജീവിതം.
- രണ്ടു പേർക്കും മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഉന്നതരുമായി അടുപ്പം.
- ആളുകളെ വലയിലാക്കാനും അവരെ സാന്പത്തിക നേട്ടത്തിനായി ഉപയോഗപ്പെടുത്താനുമുള്ള ചാതുര്യം.
- അവസരങ്ങൾ കണ്ടെത്താനും ഉപയോഗിക്കാനുള്ള കൗശലം.
- ആഡംബര ജീവിതം. ആകർഷകമായ ഡ്രസ് കോഡ്.
- ഉന്നതരുമൊത്തു യാത്രകളും പാർട്ടികളും.
- ദുരൂഹമായ ഇടപാടുകൾ, സഹായികൾ.
- പ്രമുഖരുടെ ചടങ്ങുകളിൽ സാന്നിധ്യം.