പത്തനംതിട്ട: സോളാർ പ്ലാന്റ് സ്ഥാപിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പ്രവാസി മലയാളി ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസിൽ സരിതാനായർ ഉൾപ്പെടെയുള്ളവരുടെ ശിക്ഷ ജില്ലാ സെഷൻസ് കോടതി ശരിവച്ചു.
സരിതയ്ക്കും ബിജു രാധാകൃഷ്ണനും മൂന്ന് വർഷം മൂന്ന് മാസം കഠിന തടവിനും 1.20 കോടി രൂപ പിഴയും ശിക്ഷിച്ച പത്തനംതിട്ട ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യുടെ വിധിയാണ് ജില്ലാ സെഷൻസ് ജഡ്ജി ജോണ്‍. കെ. ഇല്ലിക്കാടൻ ശരിവച്ചത്.
2013 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലെറ്റർപാഡും കേന്ദ്രമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ വ്യാജ കത്തും കാണിച്ച് വിശ്വാസ്യത നേടി. ബാബുരാജിനെ ചെയർമാനാക്കാമെന്നും മകന് ജോലി നൽകാമെന്നും പറഞ്ഞു തുക കൈപ്പറ്റുകയും ചെയ്തു.
പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സോളാർ പാനൽ സ്ഥാപിക്കാത്തതിനെ തുടർന്നാണ് കേസ്. പ്രതികളെ 2015 ജൂണ്‍ 18ന് പത്തനംതിട്ട ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരേയാണു പ്രതികൾ ജില്ലാകോടതിയെ സമീപിച്ചത്.