കൊച്ചി: കാർ യാത്രയ്ക്കിടെ തനിക്കുനേരെ കൈയേറ്റ ശ്രമം നടന്നെന്ന സരിതാ നായരുടെ പരാതിയിൽ അന്വേഷണം ഉൗർജിതമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരുവിധത്തിലുമുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്നും പോലീസ് പറഞ്ഞു.
ഹൈവേയോട് ചേർന്നുള്ള ഭാഗത്താണ് ആക്രമണം നടന്നത്. ഈ ഭാഗത്തുള്ള ഏതാനും സിസിടിവി കാമറകൾ പരിശോധന വിധേയമാക്കിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. കൂടാതെ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ സംബന്ധിച്ച് വിവരങ്ങളാന്നുമില്ലെന്നും പോലീസ് പറഞ്ഞു.
സരിതാ നായരുടേത് കള്ള പരാതിയാണെന്നു പറയാൻ കഴിയില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ആക്രമണത്തിൽ തകർന്ന നിലയിലാണു കാർ സംഭവ ദിവസം സ്റ്റേഷനിലെത്തിച്ചത്. പരാതി രജിസ്റ്റർ ചെയ്ത് ഉടൻ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ സംബന്ധിച്ച് സൂചനകളൊന്നുമില്ലെന്നാണു പോലീസ് ഭാഷ്യം.
കഴിഞ്ഞ ആറിന് രാത്രിയിൽ പാലാരിവട്ടം ചളിക്കവട്ടം ഭാഗത്തുവച്ചായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളിലായെത്തിയ മൂന്നുപേരുടെ നേതൃത്വത്തിൽ കാർ അടിച്ചുതകർത്ത് അസഭ്യവാക്കുകൾ ചൊരിയുകയായിരുന്നുവെന്നായിരുന്നു സരിതാ നായരുടെ പരാതി.
സഹോദരനും മറ്റൊരു സുഹൃത്തിനുമൊപ്പം കാറിൽ യാത്രചെയ്യവേ യുപി രജിസ്ട്രേഷനിലുള്ള ഒരു ബുള്ളറ്റിലും മറ്റൊരു ബൈക്കിലുമായെത്തിയ മൂന്നുപേരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സരിത വ്യക്തമാക്കിയിരുന്നത്. ആക്രമണത്തിനുശേഷം കാറുമായെത്തി ഇവർ പാലാരിവട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.