റെനീഷ് മാത്യു
കണ്ണൂർ: സോളാർ ലൈംഗിക പീഡനക്കേസ് സിബിഐക്കു കൈമാറാൻ സർക്കാർ തകൃതിയായ നീക്കം തുടങ്ങി.
തെരഞ്ഞെടുപ്പിനു മുന്പായി പ്രതിപക്ഷനിരയെ വീണ്ടും കുരുക്കിലാക്കാൻ ലക്ഷ്യമിട്ടാണ് പഴയ തുറപ്പ് ചീട്ട് വീണ്ടും ഇടതുപക്ഷം പൊക്കിക്കൊണ്ടു വരുന്നത്.
കേസ് സിബിഐക്കു വിട്ടാൽ ഉമ്മൻ ചാണ്ടിയും യുഡിഎഫും പ്രതിരോധത്തിലാകുമെന്നാണ് സിപിഎം വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പ് കേസ് സിബിഐക്കു കൈമാറിയേക്കും.
സോളാർ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു കേസിലെ പ്രതി മുഖ്യമന്ത്രിക്കു കത്ത് നൽകിയതായാണു സൂചന. ഇതു ഇടതുകേന്ദ്രങ്ങൾ പ്രതിയോട് കത്ത് ചോദിച്ചു വാങ്ങിയതാണെന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉയർത്തിക്കഴിഞ്ഞു.
ഇതിനിടെ എട്ടോളം അറസ്റ്റ് വാറണ്ടുള്ള കേസുകളിലെ പ്രതി മുഖ്യമന്ത്രിക്കു കത്തു നൽകിയതും വിവാദമായിട്ടുണ്ട്. ബിവറേജ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ വാങ്ങിയിട്ട് ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവ് നൽകിയെന്ന കേസിൽനിന്നു സോളാര് പ്രതിയെ ഒഴിവാക്കാൻ നീക്കം നടക്കുന്നതും വിവാദമായിട്ടുണ്ട്.
നെയ്യാറ്റിൻകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽനിന്നാണ് ഇവരെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ, വ്യാജനിയമന ഉത്തരവ്, ശബ്ദരേഖ, ബാങ്ക് രേഖ എന്നീ തെളിവുകൾ നിലനിൽക്കുന്പോൾ കേസ് പിൻവലിക്കുക ദുഷ്കരമാണെന്നു പോലീസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്ന പേരിൽ പരിചയപ്പെടുത്തി യുവാക്കളെ കബളിപ്പിച്ചെന്നാണ് കേസ്. യുവാക്കൾ പണം അയച്ചതിന്റെ ബാങ്ക് രേഖകൾ പോലീസിനു കൈമാറിയിരുന്നു.
സോളാർ പീഡനക്കേസിൽ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരേയാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറു കേസുകൾ പ്രത്യേക സംഘമാണ് നിലവിൽ അന്വേഷിക്കുന്നത്. 2018 ഒക്ടോബറിലാണ് ഇവർക്കെതിരേ കേസെടുത്തത്.
സർക്കാർ രൂപീകരിച്ച രണ്ട് അന്വേഷണ സംഘങ്ങളുടെ തലവന്മാരായിരുന്ന രാജേഷ് ധവാനും അനിൽ കാന്തും കേസെടുക്കാൻ കഴിയില്ലെന്നു സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ പുതിയ സംഘം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓരോ കേസും പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകുകയും ചെയ്തു.