കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്. നായരുടെ കത്തിലെ വിവരങ്ങൾ പൊതുഇടങ്ങളിൽ ചർച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കി. രണ്ടുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങൾക്കും വിലക്ക് ബാധകമാണ്.
സരിതയുടെ കത്തിലെ അപകീർത്തികരമായ പരാമർശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സോളാർ കമ്മീഷൻ റിപ്പോർട്ടിനെതിരായ ഹർജി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. കേസ് വിശദവാദത്തിനായി ജനുവരി 15ലേക്ക് മാറ്റി.
നേരത്തേ, ഹർജി പരിഗണിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിമർശിച്ചിരുന്നു. സോളാർ ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്നും വിചാരണയ്ക്കുമുന്പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.