കൊട്ടാരക്കര: സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ വിവാദവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉമ്മൻ ചാണ്ടി രംഗത്ത്.
നിരവധി രാഷ്ട്രീയ നേതാക്കൾക്കും തനിക്കും എതിരേ സരിത ആരോപണങ്ങൾ ഉന്നയിച്ച് തയാറാക്കിയ കത്തിന് പിന്നിൽ പ്രവർത്തിച്ചത് കെ.ബി.ഗണേഷ്കുമാർ എംഎൽഎയാണെന്ന് ഉമ്മൻ ചാണ്ടി കോടതിയിൽ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയിൽ നൽകിയ മൊഴിയിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗണേഷ്കുമാർ മന്ത്രിയായിരുന്നു. എന്നാൽ വിവാദങ്ങളുടെ പേരിൽ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നു. പിന്നീട് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. ഇതിലുള്ള വിരോധമാണ് സരിതയുടെ കത്തിൽ വ്യാജ ആരോപണങ്ങൾ ചേർത്ത് കൂടുതൽ പേജുകൾ ചേർക്കാൻ ഗണേഷ്കുമാറിനെ പ്രേരിപ്പിച്ചതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മൊഴി.
സരിത അട്ടക്കുളങ്ങര ജയിലിൽ വച്ചെഴുതിയെന്ന് പറയുന്ന കത്തിൽ 21 പേജുകൾ മാത്രമാണുണ്ടായിരുന്നത്. ഈ കത്താണ് സരിത അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ ഏൽപ്പിച്ചത്. പിന്നീടാണ് കത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നതെന്നും വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി കോടതിയിൽ മൊഴി നൽകി.
അതേസമയം ഉമ്മൻ ചാണ്ടിയുടെ ആരോപണങ്ങളെ സരിത പൂർണമായും നിഷേധിച്ചു. കത്ത് തന്‍റെ കൈപ്പടിയിൽ തന്നെ തയാറാക്കിയതാണെന്നും ഉമ്മൻ ചാണ്ടിയുടെ ആരോപണങ്ങൾ തെറ്റാണെന്നും സരിത പറഞ്ഞു. കത്തിലെ ഉള്ളടക്കം പരസ്യപ്പെടുത്തരുതെന്ന് ഉമ്മൻ ചാണ്ടി മുൻപ് ആവശ്യപ്പെട്ടത് ഭയംമൂലമാണെന്നും സരിത ആരോപിച്ചു.