സ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ നടത്തിയ വെളിപ്പെടുത്തലുകള്ക്കു പിന്നില് വലിയ സംഘങ്ങളുണ്ടെന്ന് സോളാര് കേസ് പ്രതി സരിത നായര്.
സ്വപ്നയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില് പി.സി ജോര്ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില് രാഷ്ട്രീയ പാര്ട്ടികള് അടക്കമുളള വലിയ തിമിംഗലങ്ങള് ഉണ്ടെന്നും സരിത കൂട്ടിച്ചേര്ത്തു.
സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസില് രഹസ്യമൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്.
നമ്മളൊന്നും കാണാത്ത വലിയ വലിയ തിമിംഗലങ്ങളുണ്ട് ഇതിന് പിന്നില്. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചത് പി.സി ജോര്ജാണ്.
സരിത്ത്, ക്രൈം നന്ദകുമാര് ഇവര്ക്കെല്ലാം ഇതില് പങ്കുണ്ടെന്നും ഇതിനു പിന്നില് ഒന്നോ രണ്ടോ രാഷ്ട്രീയക്കാര് കാണുമെന്നും സരിത പറഞ്ഞു.
വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മന:പൂര്വ്വം വന്നു ചാടിയതല്ല എന്നെ ഇതിലേക്ക് കൊണ്ടുവരാന് ശ്രമിക്കുമ്പോള് അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകേണ്ടേ എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത് അതിനു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പോയപ്പോള് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് മനസ്സിലായത്. അതില് രാഷ്ട്രീയക്കാരാരുമില്ല സരിത പറഞ്ഞു.
സാമ്പത്തിക തിരിമറിയാണ് ഇതിനെല്ലാം പിന്നിലെന്നും അവര് പറഞ്ഞു. അന്താരാഷ്ട്ര ശാഖകള് ഉളള ഒരു സംഘമാണ് അതിന് പിന്നിലുളളത്. സ്വര്ണക്കടത്തുമായി ബന്ധമുളളവരാണ് അവരെന്നും സരിത കൂട്ടിച്ചേര്ത്തു.
മുഖ്യമന്ത്രിയ്ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള് ഉന്നയിക്കണമെന്നാണ് പിസി ജോര്ജ് പറഞ്ഞതെന്നും അതിനപ്പുറമുള്ള കാര്യങ്ങള് അറിയില്ലെന്നും ഗൂഢാലോചനയില് പങ്കെടുത്തവരോടൊപ്പം ഇരിക്കേണ്ടി വന്നിട്ടില്ലെന്നും സരിത വ്യക്തമാക്കി.