കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനെതിരേ ഗുരുതര ആരോപണവുമായി സരിത നായര്‍, എന്നെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചു, ഡ്രൈവറെ പിടിച്ചപ്പോള്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കാലുപിടിച്ചു, കൂടുതല്‍ കുരുക്കിലേക്ക് കോണ്‍ഗ്രസ്

സരിതാ നായര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളെല്ലാം വെള്ളംകുടിക്കുമ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി. കോണ്‍ഗ്രസ് നേതാവും മുന്‍ തൃക്കാക്കര എംഎല്‍എയുമായ ബെന്നി ബെഹന്നാന്‍ തന്നെ ടിപ്പറിടിച്ച് കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ വിട്ടിരുന്നുവെന്ന ഗുരുതര ആരോപണമാണ് സരിത ഉന്നയിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരേ കമ്മീഷന്‍ കണ്ടെത്തലുകള്‍ വന്നതിനു പിന്നാലെയാണ് പുതിയ തുറന്നുപറച്ചിലും വന്നിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

സരിത മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തനിക്ക് നേരെയുണ്ടായ വധശ്രമത്തെപ്പറ്റി പറയുന്നതിങ്ങനെ-എന്നെ കൊല്ലാന്‍ വരെ അവര്‍ ശ്രമിച്ചു. അവസാനം കണ്ടു പിടിച്ചപ്പോള്‍ ഫോണ്‍ ചെയ്തു പറയുകയാണ് അറിയാതെ പറ്റിയൊരു കൈപ്പിഴയാണെന്ന്. ടിപ്പര്‍ ലോറിയിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളെ ഓടിച്ചിട്ടു പിടിച്ചു. അയാള്‍ കുറ്റം സമ്മതിച്ചപ്പോള്‍ പല ഭാഗത്ത് നിന്ന് വിളി വരുന്നു. അപ്പോള്‍ തമ്പാനൂര്‍ രവി വിളിക്കുന്നു. ബെന്നി ബെഹന്നാന് കൈപ്പിഴ പറ്റിയതാണ്. ബെന്നി വിട്ടത് എനിക്കറിയില്ലായിരുന്നു. ഞാന്‍ അങ്ങനെ സമ്മതിക്കില്ലായിരുന്നു. ഇപ്പോഴത്തെ സിറ്റിയൂഷനില്‍ നീ ക്ഷമിക്കൂവെന്ന് തമ്പാനൂര്‍ രവി പറഞ്ഞു. ഒടുവില്‍ കൗതുകത്തിന്റെ പേരില്‍ വണ്ടി ഓടിച്ച് നിയന്ത്രണം വിട്ടുവെന്ന് വാര്‍ത്തയാക്കി. അത്രമനോഹരമായി കഥയുണ്ടാക്കി എഴുതിയതാണ്.

ഇവരുടെ ഒക്കെ പേഴ്സണല്‍ കാരക്ടര്‍ എല്ലാവര്‍ക്കും അറിയാം. ലോബിക്ക് പോകാതെ ഉപരിതലത്തില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇവരൊക്കെ ഗള്‍ഫില്‍ പോകുന്നത് എന്തിനാണ്. അവര്‍ ഒളിമ്പിക്സ് കാണാനാണോ ലണ്ടനില്‍ പോയത്. താഴെ നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഇതൊക്കെ അണ്‍ടച്ചബിള്‍ ഏരിയയാണെന്നും സരിത വിശദീകരിക്കുന്നു. പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നതോടെ ബെന്നിയുടെ രാഷ്ട്രീയ ഭാവിക്കും അതു തിരിച്ചടിയാകും. അടുത്ത കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരില്‍ പ്രധാനിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഈ വലംകൈ. സരിതയുടെ ആരോപണത്തിന്റെ നിഴലില്‍ വന്നവരെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതാണ് കാരണം.

Related posts