കാര്‍ യാത്രയ്ക്കിടെ സരിതാ നായര്‍ക്കു നേരേ കൈയേറ്റ ശ്രമം. രണ്ടു ബൈക്കുകളിലായെത്തിയ മൂന്നു പേരുടെ നേതൃത്വത്തില്‍ കാര്‍ അടിച്ചുതകര്‍ത്ത് പച്ചതെറി വിളിച്ചെന്ന് സരിത നായര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടോടെ പാലാരിവട്ടം ചളിക്കവട്ടം ഭാഗത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തെപ്പറ്റി സരിത നായര്‍ പറയുന്നത് ഇങ്ങനെ:
സഹോദരനും മറ്റൊരു സുഹൃത്തിനുമൊപ്പം മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ലക്ഷ്യം. കൂടിക്കാഴ്ച നടത്തേണ്ടയാള്‍ വരാന്‍ വൈകുമെന്നതിനാല്‍ ചായ കുടിക്കുവാനാണ് തങ്ങള്‍ ഈ റോഡിലൂടെ കാറില്‍ സഞ്ചരിച്ചത്. ഈ സമയം യുപി രജിസ്റ്ററേഷനിലുള്ള ഒരു ബുള്ളറ്റിലും മറ്റൊരു ബൈക്കിലുമായെത്തിയ മൂന്നുപേര്‍ തങ്ങള്‍ക്കു നേരേ ആക്രമണം ആരംഭിച്ചു.
മുമ്പിലുണ്ടായിരുന്ന ബുള്ളറ്റ് ഓടിച്ചിരുന്ന മുഖം മറയ്ക്കാത്ത യുവാവാണ് കൂടുതലായും അസഭ്യവര്‍ഷം ചൊരിഞ്ഞത്. ഇയാളുടെ മുഖം ഇപ്പോഴും വ്യക്തമായി മനസിലുണ്ട്. ഇയാള്‍ വാഹനത്തിന്റെ ഒരു ഭാഗം മുഴുവന്‍ ഉരയ്ക്കുകയും മുന്നിലെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. കാറിനു പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. ഇവര്‍ കാറിന്റെ മറുഭാഗത്തെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ഈ റോഡിന്റെ ഇരു ഭാഗത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ കാര്‍ വേഗത്തില്‍ ഓടിച്ചുപോകുവാനും സാധിച്ചില്ല. ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ ഇതിനുമുമ്പു കണ്ട പരിചയമില്ല. യുപി രജിസ്‌ട്രേഷനിലുള്ള ബുള്ളറ്റായിരുന്നുവെങ്കിലും മലയാളത്തിലായിരുന്നു അസഭ്യം. പിന്നീട് ഈ റോഡ് അവസാനിക്കുന്നതിനുമുമ്പ് ആക്രമകാരികള്‍ മറ്റൊരു വഴിക്ക് രക്ഷപ്പെട്ടാതായും സരിത വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ആക്രമണം എത്തിനെന്ന് അറിയില്ലെന്നും ക്വട്ടേഷന്‍ ആകാനാണ് സാധ്യതയെന്നും സരിത പറഞ്ഞു. സംഭവത്തിനുശേഷം കാറുമായെത്തി ഇവര്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്തതായും അന്വേഷണം നടത്തിവരുന്നതായും പാലാരിവട്ടം പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധന വിധേയമാക്കിയാകും പോലീസ് അന്വേഷണം.