തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പു കേസിലെ മുഖ്യ കണ്ണി സരിത എസ്. നായര്‍ ആണെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്. തിരുവനന്തപുരം കുന്നത്തുകാൽ പഞ്ചായത്തംഗമാണ് രതീഷ്.
ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് രതീഷ് സരിത.എസ്.നായർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും സരിതയാണ് വ്യാജ നിയമന ഉത്തരവുകൾ നൽകിയതെന്നും രതീഷ് ആരോപിക്കുന്നു.
പരാതിക്കാരനായ അരുണിന് സരിത മൂന്നു ലക്ഷം രൂപ തിരികെ നൽകിയതിന്റെ ചെക്കും രേഖയായി രതീഷ് ഹാജരാക്കിയിട്ടുണ്ട്.
താന്‍ നിരപരാധിയാണെന്നും മറ്റു പ്രതികളായ ഷാജു പാലയോടും സരിതയുമാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നും ജാമ്യാപേക്ഷയിൽ രതീഷ് പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചതിനു ശേഷം തനിക്കെതിരെ പരാതി നൽകിയത് തന്നെ രാഷ്ട്രീയമായി നേരിടാനായിരുന്നുവെന്നും രതീഷ് ആരോപിക്കുന്നു.
ബെവ്ക്കോ- കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാർ മുഖേന സരിത 16 ലക്ഷത്തോളം രൂപ വാങ്ങിയെന്നാണ് പരാതി. സരിതയുടേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.