വയനാട്ടിലും എറണാകുളത്തും എന്നല്ല ഇനി കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലത്തിലും കോണ്‍ഗ്രസിനെതിരേ പ്രചാരണത്തിന് ഉണ്ടാകുമെന്ന് സരിത എസ് നായര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച പത്രിക തള്ളിയതിനു പിന്നാലെയായിരുന്നു സരിതയുടെ പ്രസ്താവന. പത്രിക തള്ളിയത് നീതിപൂര്‍വം അല്ലെന്നും തന്റെ കാര്യത്തിലെ സമാന സാഹചര്യത്തില്‍ കോടതി വിധികളുള്ള പല മഹാന്മാരും മുന്മന്ത്രിമാരും ഇവിടെ മത്സരിച്ച് ജയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നീതിതേടി സുപ്രീംകോടതിവരെ വേണ്ടിവന്നാല്‍ പോകുമെന്നും സരിത വ്യക്തമാക്കി.വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും എറണാകുളത്ത് ഹൈബി ഈഡനുമെതിരേയാണ് സരിത മത്സരിക്കാന്‍ ഇറങ്ങിയത്.
ഏതായാലും പത്രിക തള്ളിയതോടെ പ്ലാന്‍ എ പൊളിഞ്ഞെങ്കിലും പ്ലാന്‍ ബി ഉണ്ട് തന്റെ കയ്യിലെന്നും ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെതിരെ പ്രചരണബോര്‍ഡുകള്‍ വച്ചും എല്ലാ മണ്ഡലങ്ങളിലും പ്രസംഗിച്ചും പ്രചരണം നടത്തുമെന്നും സരിത പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെയാണ് മത്സരിക്കാനിറങ്ങിയതെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിച്ച് ലോക്സഭയില്‍ പോയി ഇരിക്കാനല്ലെന്നും സ്ഥാനാര്‍ത്ഥി ആകാന്‍ കഴിഞ്ഞില്ലെങ്കിലും താന്‍ പ്രചരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും സരിത വ്യക്തമാക്കി.
വയനാടും എറണാകുളവും മാത്രമാണ് സ്ഥാനാര്‍ത്ഥിയാകാനും പ്രചരണം നടത്താനും ഉദ്ദേശിച്ചതെന്നും എന്നാല്‍ പത്രിക തള്ളിയ സാഹചര്യത്തില്‍ എല്ലാ മണ്ഡലത്തിലും യുഡിഎഫിന് എതിരെ പ്രചരണത്തിന് ഇറങ്ങുമെന്നും അവര്‍ പറഞ്ഞു. ഞാന്‍ മത്സരിക്കാനിറങ്ങിയത് നാലു വോട്ടുകിട്ടുമെന്ന് കരുതിയോ പാര്‍ലമെന്റില്‍ പോകാനോ അല്ല. തനിക്ക് നീതി നല്‍കാത്ത കോണ്‍ഗ്രസിനും കോണ്‍ഗ്രസ് അധ്യക്ഷനും സ്ഥാനാര്ത്ഥികള്ക്കുമെതിരെയുള്ള പോരാട്ടം എന്ന നിലയിലായിരുന്നു പത്രിക നല്‍കിയത്.
തന്റെ പത്രിക തള്ളിയ സാഹചര്യം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും ശിക്ഷ സസ്പെന്‍ഡ് ചെയ്തിട്ടേയുള്ളൂ, സ്റ്റേ ചെയ്തിട്ടില്ല എന്ന് പറഞ്ഞാണ് പത്രികതള്ളിയതെന്നും സരിത പറഞ്ഞു. എന്റെ അതേ സാഹചര്യത്തിലുള്ള പല മുന്‍ മന്ത്രിമാരും ഒക്കെ മത്സരിച്ചിട്ടുണ്ട്. എന്നിട്ടും എന്റെ പത്രിക തള്ളി. ഇക്കാര്യത്തില്‍ ഇനി നിയമത്തിന്റെ വഴിക്ക് പോകുമെന്നും സരിത വ്യക്തമാക്കി. തന്റെ അതേസാഹചര്യത്തില്‍ കേസുകളുണ്ടായിട്ടും അവര്‍ക്കെല്ലാം മത്സരിക്കാന്‍ അവസരം നല്കി. അതെന്തുകൊണ്ടെന്ന് ചോദ്യം ചെയ്ത് ഈ വിഷയത്തില്‍ നീതിതേടി വേണ്ടിവന്നാല്‍ സുപ്രീംകോടതിവരെ പോകുമെന്നും സരിത പറഞ്ഞു