കൊച്ചി: സോളാർ പ്ലാന്റ് സ്ഥാപിച്ചു നൽകാമെന്നു പറഞ്ഞു പ്രവാസിയിൽനിന്നു പണം തട്ടിയ കേസിൽ പത്തനംതിട്ട ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സരിത എസ്. നായർക്കു വിധിച്ച ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു.
പിഴത്തുകയായി കോടതി വിധിച്ച 40 ലക്ഷം രൂപയിൽ പത്തു ലക്ഷം രൂപ ഉടൻ കോടതിയിൽ കെട്ടിവയ്ക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി ബാബുരാജിൽനിന്ന് 1.17 കോടി രൂപ തട്ടിയെടുത്ത കേസിൽ സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതി ശിക്ഷിച്ചിരുന്നു.
മൂന്നു വർഷം കഠിന തടവും 40 ലക്ഷം രൂപ വീതം പിഴയുമാണു ശിക്ഷിച്ചത്. ഇതിനെതിരേ സരിത നൽകിയ അപ്പീൽ പത്തനംതിട്ട സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണു സരിത ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.