തലശേരി: സരിത എസ്. നായർ മുഖ്യപ്രതിയായിട്ടുളള സോളാർ തട്ടിപ്പ് കേസിന്റെ വിചാരണ തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വീണ്ടും നീട്ടി. ഏപ്രിൽ 23 ലേക്ക് വിചാരണ മാറ്റിയത്. ഇന്നലെ വിചാരണക്ക് വച്ചിരുന്ന കേസിൽ പ്രതികളും സാക്ഷികളും എത്താത്തതിനെ തുടർന്നാണ് കേസ് മാറ്റി വച്ചത്.
വീടുകളിൽ സോളാർ വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് തലശേരിയിലെ അഞ്ച് ഡോക്ടർമാരിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നായിരുന്നു കേസ്. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ലക്ഷ്മി നായരെന്ന പേരിലായിരുന്നു സരിത കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണനൊപ്പം ഡോക്ടർമാരെ സമീപിച്ച് പണം കൈപ്പറ്റിയത്. ഡോക്ടർമാരായ കെ.സി. ശ്യാംമോഹൻ, അനൂപ്കോശി, മനോജ്കുമാർ, അഭിലാഷ് ആന്റണി, പരേതനായ സുനിൽകുമാർ എന്നിവരിൽ നിന്നാണ് സോളാർ സ്ഥാപിക്കാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയത്. ബിജുവിനും സരിതക്കുമൊപ്പം മണിമോൻ എന്നയാളും പ്രതിയാണ്.