തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദ രേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് തൊഴിൽ വാങ്ങി നൽകിയെന്ന സരിത തന്നെ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നതെന്നാണ് സരിതയുടെ ഫോൺമൊഴി. ബെവ്കോ-കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് സരിതയ്ക്കെതിരേ അടുത്തിടെ പരാതി ഉയർന്നിരുന്നു. ഈ പരാതി നൽകിയ നെയ്യാറ്റിൻകര സ്വദേശി അരുൺ എന്നയാളുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
പരാതിയും ശബ്ദരേഖയും പുറത്തുവന്നിട്ടും പോലീസ് കേസിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പിണറായി വിജയൻ സർക്കാർ പിൻവാതിൽ നിയമനങ്ങളുടെ കുംഭമേള നടത്തുകയാണെന്നും മൂന്ന് ലക്ഷം നിയമനങ്ങളാണ് പിൻവാതിലിലൂടെ സർക്കാർ അഞ്ച് വർഷംകൊണ്ട് നടത്തിയതെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോഴാണ് ശബ്ദരേഖ പുറത്തു വരുന്നത്.