കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന രണ്ടു കേസില്‍ പ്രതിയായ സരിത എസ്. നായരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി 25 നു പരിഗണിക്കാനായി മാറ്റി.
കെടിഡിസിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി അരുണ്‍ നായരില്‍നിന്ന് അഞ്ചു ലക്ഷം രൂപയും, സഹോദരന് ബിവറേജസ് കോര്‍പറേഷനില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ സെല്വരാജില്നിന്ന് 11.40 ലക്ഷം രൂപയും തട്ടിയെടുത്തെന്ന കേസുകളിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഇരുകേസുകളിലുമായി 22 ദിവസമായി കസ്റ്റഡിയിലാണെന്നും കാന്‍സര്‍ ചികിത്സയിലായതിനാല്‍ ജാമ്യം നല്‍കണമെന്നും സരിതയുടെ അഭിഭാഷകന് വാദിച്ചു.
സരിത ഉള്‍പ്പെടെ മൂന്നു പ്രതികളാണ് കേസിലുള്ളത്. വ്യാജമായി നിയമന ഉത്തരവ് ചമച്ചെന്നും പ്രോമിസറി നോട്ട് നല്‍കിയാണ് ഇവര്‍ പണം വാങ്ങിയതെന്നും പ്രോസിക്യൂഷന് വാദിച്ചു.
പ്രോമിസറി നോട്ടില്‍ സരിത ഒപ്പിട്ടിരുന്നോയെന്ന് കോടതി ആരാഞ്ഞു. തുടര്‍ന്നാണ് ഇതില്‍ വിശദീകരണം നല്കാന് നിര്‍ദേശിച്ച് ഹര്‍ജികള്‍ 25 ലേക്കു മാറ്റിയത്.