കൊച്ചി: ആരോപണങ്ങളിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നു സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായർ. സോളാർ കമ്മീഷൻ റിപ്പോർട്ട് നിഷ്പക്ഷമെങ്കിൽ പ്രതിസ്ഥാനത്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുണ്ടാകുമെന്നും സരിത കൊച്ചിയിൽ പറഞ്ഞു.
സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്കു വ്യക്തിപരമായി പങ്കുണ്ട്. കേസിൽ താനുൾപ്പെടെ ഏതാനും പേർ മാത്രമാണു പ്രതികളെന്നാണു പറയുന്നത്. കാറ്റാടിപ്പാടം എന്ന പദ്ധതിതന്നെ ഇതിനുവേണ്ട സ്ഥലം സർക്കാർ ലീസിനു കൊടുക്കാമെന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പിൻമേലാണ് ആരംഭിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി ബാക്കിയുള്ളവരെ പ്രതിയാക്കുകയായിരുന്നു.
എല്ലാവരും തെറ്റുചെയ്തവരാണെന്നു പറയുന്നില്ല. ഞങ്ങളെ കരുവാക്കിക്കൊണ്ടുള്ള ഒരു മാസ്റ്റർ ബ്രെയിൻ ഇതിനു പിന്നിൽ ഉണ്ടായിരുന്നു. അതു ചൂണ്ടിക്കാട്ടി യുഡിഎഫ് ഭരണകാലത്തു പരാതികൾ നൽകിയിരുന്നെങ്കിലും അന്നതു കള്ളന്റെ കൈയിൽ താക്കോൽ കൊടുക്കുന്നതു പോലെയായിരുന്നെന്നും സരിത പറഞ്ഞു.