തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ സ്വർണക്കടത്ത് വെളിപ്പെടുത്തലിലെ ഗൂഢാലോചന കേസിൽ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് സരിത രഹസ്യമൊഴി നൽകുന്നത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ് തന്നെ സമീപിച്ചതായി നേരത്തെ സരിത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
പി.സി ജോർജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി.
മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്ന് സരിത.എസ്.നായർ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ആരോപണങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരു ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വർണം കടത്തിയതെന്നും സരിത ആരോപിച്ചിരുന്നു.
ഇന്ന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തമാക്കുമെന്നുമാണ് സരിത നേരത്തെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഇഡിയുടെ ചോദ്യം ചെയ്യലിൽ കോടതിയിൽ നൽകിയ മൊഴിയില്‍ സ്വപ്ന ഉറച്ചു നിന്നതായാണ് സൂചന.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയും മുൻ മന്ത്രി കെ. ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും സ്വപ്ന ആരോപണമുന്നയിച്ചിരുന്നു.
അതേസമയം സ്വപ്നയുടെ ആരോപണത്തിനു പിന്നാലെ സ്വർണക്കടത്ത് വെളിപ്പെടുത്തലിലെ ഗൂഢാലോചന ആരോപിച്ച് സർക്കാർ എടുത്ത കേസിൽ തുടരന്വേഷണം എങ്ങനെയെന്നതു സംബന്ധിച്ച് സരിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും പ്രത്യേക അന്വേഷണ സംഘം തീരുമാനമെടുക്കുക.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി വേണമെന്ന് ആവശ്യപ്പെട്ട് സരിത.എസ്.നായര്‍ നല്കിയ ഹര്‍ജി നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
അന്വേഷണ ഏജന്‍സിക്ക് മാത്രമേ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍നാകൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഗൂഢാലോചന കേസിൽസ സ്വപ്ന ഒന്നാം പ്രതിയും പി.സി.ജോർജ് രണ്ടാം പ്രതിയും ആണ്. ഇരുവരേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.